തിരുവനന്തപുരം
മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ സ്നേഹാദരങ്ങളോടെ അതിഥികൾക്ക് സമ്മാനിക്കുന്ന കേരള അതിജീവന മാതൃക ശിൽപ്പത്തിനു പിന്നിൽ ഒരാളുടെ അതിജീവന ജീവിതമുണ്ട്. പൂർണമായും തടിയിൽ തീർത്ത ശിൽപ്പമൊരുക്കിയിട്ടുള്ളത് ഗോകുൽ രത്നാകരൻ നേതൃത്വം നൽകുന്ന ഭിന്നശേഷി പുനരധിവാസ സംഘടനയായ കാൻവാക്കാണ്. 2006ൽ സംഭവിച്ച വാഹനാപകടത്തെ അതിജീവിച്ച് വീൽചെയറിൽ ജീവിതം ആരംഭിച്ച ഗോകുൽ തന്നെപ്പോലുള്ളവരെ കൂടെകൂട്ടിയാണ് കാൻവാക്ക് ആരംഭിച്ചത്.
പാരിപ്പള്ളിയിൽ നടന്ന കാറപകടത്തിൽ പിൻസീറ്റിലിരുന്ന ഗോകുലിന് ഗുരുതര പരിക്കേറ്റിരുന്നു. ബാലസംഘം, എസ്എഫ്ഐ നേതാവായിരുന്ന ഗോകുൽ അപകടസമയത്ത് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. നിയമബിരുദത്തിന് ചേരാനുള്ള അഭിമുഖത്തിന്റെ നാലുദിവസം മുമ്പായിരുന്നു അപകടം. പിന്നീട് വീടിനകത്തേക്ക് ഒതുങ്ങാതെ മൂന്നുവർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം ലോ അക്കാദമിയിൽ ചേർന്ന് ബിരുദം നേടി. 2009ലാണ് ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന് കാൻവാക്ക് രൂപീകരിച്ചത്. പ്രവർത്തന വിപുലീകരണത്തിലാണ് വുഡ്പെക്കർ എന്ന പേരിൽ ഭിന്നശേഷിക്കാർ തടിയിൽ നിർമിക്കുന്ന കരകൗശല ഉൽപ്പന്നങ്ങളുടെ വിപണിയിലേക്ക് തിരിഞ്ഞത്. കോവളത്തെ ക്രാഫ്റ്റ് വില്ലേജ് സന്ദർശിക്കാൻ ഇടയായത് വഴിത്തിരിവായി. ക്രാഫ്റ്റ്സ് വില്ലേജിന്റെ പിന്തുണയിൽ ഡിസബിലിറ്റി മൊണ്ടേജ് എന്ന പേരിൽ സ്റ്റുഡിയോ ആരംഭിച്ചു. നിലവിൽ മുപ്പതോളം ഡിസൈനുകളിലെ മൊമെന്റോകൾ ചെയ്യുന്നു. ഇതിൽ തന്നെ അതിജീവന കേരളത്തിന് ആവശ്യക്കാരേറെയാണ്. ഐഡി കാർഡ്, ഫ്രിഡ്ജ് മാഗ്നെറ്റ്, ഗിഫ്റ്റുകൾ എന്നിവയും തയ്യാറാക്കുന്നു.
പലപ്പോഴും സാധാരണക്കാർക്കു കിട്ടുന്ന പരിഗണന കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഭിന്നശേഷിക്കാരെ വിശ്വാസത്തിലെടുക്കാനുള്ള മടിയാണ് ഇതിനുകാരണം. ഇപ്പോഴതിൽ മാറ്റം വന്നിട്ടുണ്ടെന്നും ഗോകുൽ പറഞ്ഞു.