അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 13–-ാം സമ്മേളനം ഉദ്ഘാടനം ചെയ്യാൻ തിരുവനന്തപുരത്തെത്തിയ പ്രശസ്ത നർത്തകിയും കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലറുമായ മല്ലിക സാരാഭായ് ദേശാഭിമാനിക്ക് നൽകിയ അഭിമുഖം തയ്യാറാക്കിയത് അശ്വതി ജയശ്രീ
വിദഗ്ധരെ സർവകലാശാല ചാൻസലർമാരാക്കുന്നതിനെക്കുറിച്ച് ?
പുത്തൻ ആശയങ്ങൾ നടപ്പാക്കുകയും ഒരുസംഘത്തെ ഒരുമയോടെ മുന്നോട്ടുനയിക്കുകയും ചെയ്യുന്ന ആളാകണം ചാൻസലർ. അത് അലങ്കാര പദവിയാകരുത്. സർവകലാശാല പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ വൈസ് ചാൻസലർ മതിയല്ലോ. വിദഗ്ധരെ ചാൻസലർമാരാക്കാനുള്ള കേരള സർക്കാർ തീരുമാനം വളരെ പ്രധാനവും ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. അതിന്റെ ഭാഗമായി ആദ്യ ചാൻസലർ ആകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.
മതേതരത്വം ഉറപ്പാക്കുന്ന
സംസ്ഥാന സർക്കാർ നയത്തെ എങ്ങനെ കാണുന്നു ?
രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഊട്ടിയുറപ്പിക്കുന്നതിൽ കേരളം പ്രധാന പങ്കുവഹിക്കുന്നു. എന്നാൽ, ചിലയിടത്തെങ്കിലും വലതുപക്ഷശക്തികൾ വളരുന്നുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരിൽ രാജ്യമൊട്ടാകെ വ്യാപിക്കുന്ന ‘ധ്രുവീകരണ ക്യാൻസറി’നെ ഇല്ലാതാക്കാൻ കേരളത്തിന് ആകുമെന്ന് വിശ്വസിക്കുന്നു.
മഹിളാ അസോസിയേഷൻ 13–-ാം അഖിലേന്ത്യാ
സമ്മേളനത്തെക്കുറിച്ച് ?
മതാചാരത്തിനായി അല്ലാത്ത എണ്ണൂറ്റമ്പതോളം സ്ത്രീകളുടെ ഒത്തുചേരൽ സന്തോഷകരമാണ്. പല ഭാഷയും വേഷവും രീതിയുമുള്ള സ്ത്രീകൾ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുംവേണ്ടി ഒന്നുചേർന്നിരിക്കുന്നു. അവിടെ സംസാരിക്കാനും നേതാക്കളുമായി സംവദിക്കാനുമായത് മികച്ച അനുഭവമാണ്.
ഗുജറാത്തിലെ ജീവിതം
വീർപ്പുമുട്ടിക്കുന്നതാണെന്ന്
പറഞ്ഞല്ലോ ?
ദർപ്പണയുമായി അടുത്തു പ്രവർത്തിച്ച ഗുജറാത്തിലെ പ്രശസ്ത നടൻ കൈലാഷ് പാണ്ഡ്യയുടെ ജന്മശതാബ്ദി വർഷമാണ് 2023. അദ്ദേഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ ഗുജറാത്തിലെ സാംസ്കാരിക മന്ത്രി മുലുബായ് ഹർദാസ്ബായ് ബേറയെ കാണാൻ രണ്ടാഴ്ചയായി ശ്രമിക്കുകയാണ്. കലാകാരിയായ എനിക്ക് വകുപ്പുമന്ത്രിയെ കാണാനാകുന്നില്ലെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകും.
കലാമണ്ഡലം ചാൻസലറായുള്ള ആദ്യപ്രവർത്തനം ?
ഫെബ്രുവരി നാലുമുതൽ അഞ്ചുദിവസം കലാമണ്ഡലത്തിൽ ഉണ്ടാകും. പൂർണ സർവകലാശാലാ തലത്തിലേക്ക് കലാമണ്ഡലത്തെ മാറ്റാനാണ് ആഗ്രഹം. മുഖ്യമന്ത്രി പിണറായി വിജയനെയും സാംസ്കാരിക മന്ത്രി സജി ചെറിയാനെയും കണ്ടിരുന്നു. പ്രവർത്തനങ്ങൾക്ക് അവർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കലയിൽ പരമ്പരാഗത
രീതികൾ തുടരേണ്ടതുണ്ടോ ?
കലയും പ്രതിരോധത്തിനുള്ള മാർഗമാണ്. നൃത്തവും നാടകവും സിനിമയുമൊക്കെ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ ഉദാഹരണം. കലയെ പരമ്പരാഗതരീതികളിൽ തളച്ചിടുന്നതിനോട് താൽപ്പര്യമില്ല. പുത്തൻ ആശയങ്ങളും രീതികളും കൂട്ടിച്ചേർക്കണം. ആധുനികത കലയുടെ വളർച്ചയ്ക്ക് സഹായകമാകും. അതിനർഥം പരമ്പരാഗതരീതികളെ അപ്പാടെ ഉപേക്ഷിക്കുന്നു എന്നല്ല.
സ്ത്രീകൾക്കെതിരായ
അതിക്രമങ്ങൾ വർധിക്കുന്നത് ഭയപ്പെടുത്തുന്നില്ലേ ?
കുറ്റകൃത്യങ്ങൾ കുറയുന്നില്ലെന്ന് മാത്രമല്ല, അവയുടെ രീതിയും മാറി. ക്രൂരതയുടെ കാഠിന്യം വർധിച്ചു. ഉത്തരേന്ത്യയിൽ അടുത്തകാലത്തുണ്ടായ അതിക്രമങ്ങൾ പേടിപ്പെടുത്തുന്നതാണ്.