ന്യൂഡൽഹി
ഉത്തരേന്ത്യയിൽ ശൈത്യതരംഗം കൂടുതൽ പിടിമുറുക്കിയതോടെ രാജ്യതലസ്ഥാനത്ത് ശനിയാഴ്ച കുറഞ്ഞ താപനില കൂപ്പുകുത്തി 1.5 ഡിഗ്രിയായി. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. വെള്ളിയാഴ്ചത്തെ താപനില 1.8 ഡിഗ്രി സെൽഷ്യസായിരുന്നു. ഡൽഹി റിഡ്ജിലും ലോധി റോഡിലും യഥാക്രമം 1.5 ഡിഗ്രി സെൽഷ്യസും രണ്ടു ഡിഗ്രി സെൽഷ്യസുമായിരുന്നു ശനിയാഴ്ച പുലർച്ചെ താപനില. കാലാവസ്ഥാ പ്രവചനപ്രകാരം ഏഴുവരെ ഉണ്ടായിരുന്ന ശൈത്യതരംഗം 11 വരെ നീണ്ടേക്കും.
തണുപ്പിനൊപ്പം കനത്ത മൂടൽമഞ്ഞു കൂടിയായതോടെ ഡൽഹി വിമാനത്താവളത്തിൽനിന്നുള്ള 34 ആഭ്യന്തര പുറപ്പെടലും വൈകി. വിവിധ സ്ഥലങ്ങളിൽനിന്നുള്ള 12ൽ അധികം വിമാനങ്ങളും വൈകിയാണ് ഇറങ്ങിയത്. വടക്കൻ റെയിൽവേ മേഖലയിൽ 32 ട്രെയിൻ വൈകിയാണ് ഓടുന്നതെന്ന് റെയിൽവേയും അറിയിച്ചു. പഞ്ചാബിലെ ഭട്ടിണ്ടയിലും യുപിയിലെ ആഗ്രയിലും ദൂരക്കാഴ്ച പൂജ്യം മീറ്ററായിരുന്നു.