ന്യൂഡൽഹി
പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരിയിൽ ദേശീയ പര്യടനം നടത്തുമെന്ന് നിതീഷ് കുമാർ. പ്രാദേശിക പാർടി നേതാക്കളെയും ബിജെപി ഇതര മുഖ്യമന്ത്രിമാരെയും സന്ദർശിക്കും. ഇനി ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് നിതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ യാത്ര നടത്തുകയാണ് നിതീഷ്.
കോൺഗ്രസ് അടക്കമുള്ള പാർടികളുമായി ചർച്ചകൾ നടത്തും. നേരത്തെ ഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങി പ്രതിപക്ഷ നേതാക്കളെ നിതീഷ് കണ്ടിരുന്നു. പ്രതിപക്ഷം ഒന്നിച്ചുനിന്നാൽ ബിജെപിയെ അമ്പതിൽതാഴെ സീറ്റിൽ ഒതുക്കാമെന്നും നിതീഷ് പറഞ്ഞിരുന്നു.
ദേശീയ പര്യടനത്തിനു മുമ്പ് ഭൂരിഭാഗം ചുമതലകളും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ഏൽപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.