കൊച്ചി> എംജി സർവകലാശാല കലോത്സവം ഫെബ്രുവരി എട്ടു മുതൽ 12 വരെ എറണാകുളത്ത് നടക്കും. ദർബാർ ഹാൾ മൈതാനം, രാജേന്ദ്ര മൈതാനം, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായി ഏഴ് വേദിയിലായിട്ടാണ് മത്സരങ്ങൾ. എംജി സർവകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും.
കലോത്സവത്തിന്റെ വിജയത്തിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം കൊച്ചി മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആയിരത്തിയൊന്നംഗ സ്വാഗത സംഘവും 101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയുമാണ് രൂപീകരിച്ചത്. സ്വാഗത സംഘം ചെയർമാനായി മേയർ എം അനിൽകുമാറിനെയും ജനറൽ കൺവീനറായി അർജുൻ ബാബുവിനെയും തെരഞ്ഞെടുത്തു.
മഹാരാജാസ് കോളേജ് കലോത്സവം ‘പുലയാട്ടി’ന്റെ ഉദ്ഘാടനവും മേയർ ഇതോടൊപ്പം നിർവഹിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ ആശിഷ് എസ് ആനന്ദ് അധ്യക്ഷനായി. എംജി സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ. ഷജില ബീവി, കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. സി എം ശ്രീജിത്ത്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബു, മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമിള, പിടിഎ സെക്രട്ടറി ഡോ. എം എസ് മുരളി, എംജി സർവകലാശാല സെനറ്റ് അംഗം ജിതിൻ ജോൺസൺ, അമൽ സോഹൻ, എ ആർ രഞ്ജിത്ത്, അനീഷ് എം മാത്യു, വില്ലേജ് ഓഫീസർ വി സി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു