ന്യൂഡൽഹി > ഷാരൂഖ് ഖാൻ – ദീപിക പദുകോൺ ചിത്രം പത്താനെതിരെ ബജ്റംഗ്ദള്‍ പ്രതിഷേധം. അഹമ്മദാബാദില്‍ തിയേറ്ററില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറി എറിഞ്ഞു. ആല്‍ഫ വണ്‍ മാളിലെ തിയേറ്ററില്‍ സിനിമയുടെ പ്രോമോഷനിടെയായിരുന്നു അക്രമം. ചിത്രത്തിന്റെ പോസ്റ്ററുകള്‍ വലിച്ചുകീറിയ പ്രവര്‍ത്തകര്‍ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഭീഷണിയും മുഴക്കി.
കഴിഞ്ഞ ദിവസം ഹിന്ദു ജഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെ തിയേറ്ററില്‍ പ്രതിഷേധിച്ചിരുന്നു. ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താന് സിനിമയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തതോടെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചതിലൂടെ മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം.