തിരുവനന്തപുരം
ഗവർണറും സർക്കാരും അവരവരുടെ കടമകൾ നിറവേറ്റി പ്രവർത്തനം സുഗമമാകാതിരിക്കാൻ രാവും പകലുമില്ലാതെ പണിയെടുക്കുന്നവർക്ക് ബുധനാഴ്ച രാജ്ഭവനിൽനിന്ന് കിട്ടിയത് ‘പണി’! മിനിറ്റുകൾകൊണ്ട് അവസാനിച്ച സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനോട് ഏതാനും സെക്കൻഡുകൾ സംസാരിച്ചിരുന്നു. ഇതാണ് ‘വിയോജിപ്പിന്റെ ബോംബ് പൊട്ടിച്ച് ഗവർണർ’ എന്ന നിലയിൽ ചില മാധ്യമങ്ങൾ ‘ലൈവ്’ കൊടുത്തത്. ഗവർണറും മുഖ്യമന്ത്രിയുമല്ലാതെ മറ്റൊരാളും കേൾക്കാത്ത ആ സംഭാഷണത്തെക്കുറിച്ച് നടത്തിയ ‘എക്സ്ക്ലൂസീവ്’തന്നെ മതി ഇവരുടെ മറ്റു വാർത്തകളുടെയും നിലവാരം അളക്കാൻ.
കശ്മീർയാത്രയെക്കുറിച്ചും അവിടെനിന്ന് കൊണ്ടുവന്ന മധുരം കൊടുത്തുവിടുന്നത് സംബന്ധിച്ചുമാണ് ഗവർണർ മുഖ്യമന്ത്രിയോട് പറഞ്ഞതെന്നാണ് രാജ്ഭവൻ വൃത്തങ്ങളിൽനിന്ന് അറിയാൻ കഴിഞ്ഞത്. ഗവർണർ വിയോജിച്ചെന്നും സത്യപ്രതിജ്ഞ നടന്നേക്കില്ലെന്നും നിരന്തരം വാർത്തകൊടുത്തത് പൊളിഞ്ഞതിന്റെ ജാള്യം മറച്ചുവയ്ക്കാൻ മാത്രമായിരുന്നു സ്വകാര്യത്തെ വിയോജിപ്പാക്കി അവതരിപ്പിച്ചത്. ഗവർണർ പറഞ്ഞത് എന്താണെന്ന് പുറത്തുവരില്ലെന്നു കരുതിയായിരുന്നു ഈ അഭ്യാസം.
സർക്കാരിനെതിരെ ഊഹവും കെട്ടുകഥകളും പ്രചരിപ്പിച്ച ഏതാനും മാധ്യമങ്ങൾ സത്യപ്രതിജ്ഞ നടക്കില്ലെന്ന് പ്രചരിപ്പിച്ചിരുന്നു. വാർത്തയിൽ നിറഞ്ഞുനിൽക്കാൻ ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ നടത്തിയ പ്രതികരണം വ്യാജവാർത്താ സ്രഷ്ടാക്കൾക്ക് ആവേശവും പകർന്നു. മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കാതിരിക്കാൻ ഗവർണർക്കാകില്ലെന്ന യാഥാർഥ്യം ഇവർ മറച്ചുവച്ചു. എന്നാൽ, സത്യപ്രതിജ്ഞ ഭംഗിയായി നടന്നതും ഭരണഘടനാസ്ഥാപനങ്ങൾ എന്ന നിലയിൽ ചുമതലകൾ നിറവേറ്റിയതും ഇവർക്ക് തിരിച്ചടിയായി.
പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതിൽ പ്രതിഷധിച്ച് കോൺഗ്രസും ബിജെപിയും. കോൺഗ്രസ് രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഒരു കോടതിയും സജി ചെറിയാനെ കുറ്റവിമുക്തമാക്കിയിട്ടില്ലെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി ഭരണഘടനാ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു.സജി ചെറിയാന് വീണ്ടും രാജിവയ്ക്കേണ്ടി വരുമെന്നായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കറിന്റെ ഭീഷണി.