തിരുവനന്തപുരം
എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന്റെ ഹിയറിങ്ങിന് ഹാജരായി. തന്റെ വക്കീലിന്റെ നിയമോപദേശം പ്രകാരം തയ്യാറാക്കിയ 15 പേജുള്ള വിശദീകരണ കുറിപ്പ് ഗവർണർക്ക് കൈമാറി. റഷ്യൻ സന്ദർശനത്തിലായിരുന്നതിനാൽ ഡിസംബർ 12ന് നടന്ന ഹിയറിങ്ങിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഗവർണറുടെ ഓഫീസിനെ രേഖാമൂലം അറിയിച്ചതിനെ തുടർന്നാണ് മറ്റൊരു തിയതി നൽകിയത്.
വിസി നിയമന സെലക്ഷൻ കമ്മിറ്റി ഒരാളുടെ പേര് മാത്രമാണ് നിർദേശിച്ചതെന്നും അത് യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നുമായിരുന്നു സാബു തോമസിന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരുന്നത്. സാങ്കേതിക സർവകലാശാല കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. ഡിജിറ്റൽ സർവകലാശാലാ വിസി ഡോ. സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലാ വിസി ഡോ. മുബാറക് പാഷ, കേരള സർവകലാശാലാ മുൻ വിസി ഡോ. വി പി മഹാദേവൻ പിള്ള എന്നിവർ നേരിട്ടും കാലടി, കണ്ണൂർ സർവകലാശാലകൾക്കുവേണ്ടി അഭിഭാഷകരും ഡിസംബർ 12ന് ഹാജരായിരുന്നു.