തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമപരിപാടി ഫെബ്രുവരി 10ന് ആരംഭിച്ച് മന്ത്രിസഭയുടെ രണ്ടാം വാർഷികദിനമായ മെയ് 20ന് അവസാനിക്കും.
2022–-23 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആലോചനാ യോഗത്തിൽ പറഞ്ഞു. ഓരോ വകുപ്പും പരമാവധി പദ്ധതികൾ നൂറുദിന പരിപാടികളുടെ ഭാഗമാക്കണം. അവ ജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. സർക്കാർ അധികാരത്തിൽ വന്നശേഷം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ നൂറുദിന പരിപാടിയാണിത്. ആദ്യ നൂറുദിന പരിപാടി 2021 ജൂൺ 11 മുതൽ സെപ്തംബർ 19 വരെ നടപ്പാക്കി. അന്ന് 100 പരിപാടിയാണ് നടപ്പാക്കിയത്.
രണ്ടാം നൂറുദിന പരിപാടി 2022 ഫെബ്രുവരി 10 മുതൽ മെയ് 20 വരെ നടപ്പാക്കി. സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടപ്പാക്കിയ പരിപാടിയിൽ 1557 പദ്ധതി പൂർത്തിയാക്കി.