ആലപ്പുഴ
കേന്ദ്ര സർക്കാരിന്റെ വികലനയങ്ങൾ മൂലം ജനങ്ങളുടെ വാങ്ങൽശേഷി കുറഞ്ഞതോടെ രാജ്യത്ത് നിക്ഷേപം വരുന്നത് കുറഞ്ഞുവെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി പറഞ്ഞു. കേരള ആർടിസാൻസ് യൂണിയൻ 50–-ാംവാർഷികസമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ജനങ്ങളുടെ കൂലിയും വരുമാനവും കുറഞ്ഞതോടെയാണ് കമ്പോളത്തിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ശേഷിയും കുറഞ്ഞത്. വാങ്ങൽശേഷി വർധിച്ചാലേ കമ്പോളം സജീവമാകുകയുള്ളൂ. മിനിമംകൂലി 21,000 രൂപയാക്കണമെന്ന് 2014ൽ ചേർന്ന ഇന്ത്യൻ ലേബർ കോൺഫറൻസ് ശുപാർശ ചെയ്തിരുന്നു. ഇത് നടപ്പായിരുന്നുവെങ്കിൽ ചുരുങ്ങിയത് 700 രൂപ കൂലി ലഭിക്കുമായിരുന്നു. എന്നാൽ പിന്നീട് കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ബിജെപി സർക്കാർ ദേശീയ മിനിമം കൂലി 202 രൂപയാക്കുകയായിരുന്നു. ഇതാണ് ജനങ്ങളുടെ വാങ്ങൽശേഷി ഇല്ലാതാക്കിയത്.
നാടിന്റെ ആസ്തികളും കോർപറേറ്റുകൾക്ക് വിൽക്കുകയാണ് മോഡി സർക്കാർ. ലാഭം മാത്രം ലക്ഷ്യമിടുന്ന കോർപറേറ്റുകൾക്ക് ക്ഷേമരാഷ്ട്ര സങ്കൽപ്പമില്ല. സമരം ചെയ്താണ് തൊഴിലാളികൾക്ക് ഇന്നുകാണുന്ന അവകാശങ്ങളൊക്കെ നേടിയത്. എന്നാൽ തൊഴിലാളികൾക്ക് പണിമുടക്കാനുള്ള അവകാശത്തിന് പോലും കേന്ദ്രം തടയിട്ടു.
തൊഴിലാളികളുടെ ഐക്യം തകർക്കാൻ വർഗീയതയെ കൂട്ടുപിടിക്കുകയാണ് കേന്ദ്രസർക്കാർ. കോർപറേറ്റ്–-വർഗീയ കൂട്ടുകെട്ടിന് പിന്തുണ നൽകുന്ന മാധ്യമങ്ങൾ തൊഴിലാളി വിരുദ്ധത പ്രോത്സാഹിപ്പിക്കുകയാണ്. ജാതി–-മത, വർണ, ഭാഷാ വ്യത്യാസമില്ലാതെ തൊഴിലാളികൾ ഒറ്റക്കെട്ടായാൽ തൊഴിലാളി വിരുദ്ധത അവസാനിക്കും. മുംബൈയിലെ വൈദ്യുതി വിതരണം അദാനിയുടെ കമ്പനിക്ക് നൽകുന്നതിനെതിരെ ജീവനക്കാർ നടത്തുന്ന സമരം തൊഴിലാളി ഐക്യത്തിന്റെ സമീപകാല ഉദാഹരണമാണെന്നും എളമരം കരീം പറഞ്ഞു.