എഴുകോൺ > കൊല്ലപ്പെട്ട സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ ചിത്രം വാട്സാപ് സ്റ്റാറ്റസാക്കിയതിന് ആർഎസ്എസ് മുൻ പ്രവർത്തകനെ ആർഎസ്എസ് സംഘം ആക്രമിച്ചു. പവിത്രേശ്വരം ഷീജാഭവനിൽ എസ് എസ് സജിത്താ(28)ണ് ആക്രമണത്തിനിരയായത്. ഞായർ രാത്രി ഏഴിന് പവിത്രേശ്വരം മാറനാട് വൈദ്യരുമുക്കിലാണ് സംഭവം.
മാറനാട് സ്വദേശികളായ അഖിൽ പ്രകാശ്, അരുൺ പ്രകാശ്, കല്ലുംമൂട് സ്വദേശികളായ സന്ദീപ്, സബിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പെയിന്റിങ് തൊഴിലാളിയായ സജിത് ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കിൽ കൊല്ലത്തേക്ക് പോകുകയായിരുന്നു. എഴുകോൺ വട്ടമൺകാവ് ക്ഷേത്രത്തിനു സമീപം എത്തിയപ്പോൾ അഖിൽ പ്രകാശ് സജിത്തിനെ ഫോൺവിളിച്ച് വൈദ്യരുമുക്കിലേക്കു വരാൻ ആവശ്യപ്പെട്ടു. അവിടെ എത്തിയ സജിത്തിനെ ബൈക്കുകളിൽ എത്തിയ സംഘം മർദിക്കുകയായിരുന്നു. “മറ്റു പാർടിക്കാരന്റെ ഫോട്ടോ സ്റ്റാറ്റസ് ഇടുമോടാ’ എന്നു ചോദിച്ചായിരുന്നു ആക്രമണം. തലയ്ക്കും കാലിനും കൈയ്ക്കും പരിക്കേറ്റ സജിത്തിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൂർ പൊലീസ് കേസെടുത്തു.
സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്ന സജിത്ത് നിലവിൽ സംഘടനാ രംഗത്തില്ല. ആർഎസ്എസിന്റെ ഗുണ്ടാ പ്രവർത്തനങ്ങളിലും വർഗീയ നിലപാടിലും മനംമടുത്താണ് സജിത് പ്രവർത്തനം അവസാനിപ്പിച്ചത്. സിപിഐ എം പവിത്രേശ്വരം എരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ട ബി ദേവദത്തന്റെ ഫോട്ടോയാണ് സജിത് വാട്സാപ് സ്റ്റാറ്റസ് ഇട്ടത്. ഡിസംബർ 29ന് ദേവദത്തന്റെ സ്മൃതിദിനമായിരുന്നു.