ന്യൂഡൽഹി
മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയ ജനപ്രതിനിധികളുടെ പ്രതികരണങ്ങളിൽ ഭരണഘടനയുടെ 19(2)ൽ പറയുന്നതിനപ്പുറം അധികനിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. പൗരൻമാർക്ക് ഭരണഘടനയുടെ 19(1)എ നൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിൽ 19(2) പ്രകാരമുള്ള നിയന്ത്രണം വിപുലമാണെന്നും ജസ്റ്റിസുമാരായ എസ് അബ്ദുൾ നസീർ, ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം, ബി വി നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. മന്ത്രിമാരുടെ അഭിപ്രായപ്രകടനങ്ങൾ ഏതെങ്കിലും തരത്തിൽ സർക്കാരുമായി ബന്ധപ്പെട്ടതോ, സർക്കാരിനെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതോ ആണെങ്കിലും അത് സർക്കാരിന്റെയാകെ അഭിപ്രായമായി വിലയിരുത്താനാകില്ലെന്നും ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ വിധിച്ചു. കൂട്ടായ ഉത്തരവാദിത്വമെന്ന തത്വം ഇത്തരം സാഹചര്യങ്ങളിൽ ബാധകമാകില്ലെന്നും ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി.
ജസ്റ്റിസ് നാഗരത്ന വിയോജിച്ചു. മന്ത്രിയെന്ന നിലയിൽ മോശം പ്രസ്താവന നടത്തിയാൽ അത് സർക്കാരിന്റെ അഭിപ്രായമാണെന്ന് പരോക്ഷമായി വിലയിരുത്താമെന്ന് ജസ്റ്റിസ് നാഗരത്ന ഭിന്നവിധിയിൽ വ്യക്തമാക്കി. എന്നാൽ അവ സർക്കാർ നിലപാടുമായി ചേർന്നുപോകാത്ത ഒറ്റപ്പെട്ട പരാമർശങ്ങളാണെങ്കിൽ വ്യക്തിഗത പരമാർശമായി മാത്രം പരിഗണിക്കാമെന്നും ജസ്റ്റിസ് നാഗരത്ന വിധിച്ചു. മന്ത്രിമാരുടെയും മറ്റും അഭിപ്രായസ്വാതന്ത്ര്യത്തിൽ അധികനിയന്ത്രണം വേണ്ടെന്ന ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് നാഗരത്നയും യോജിച്ചു.
യുപിയിൽ അമ്മയും മകളും കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മന്ത്രിയായിരിക്കെ എസ്പി നേതാവ് അസം ഖാൻ പരാമർശിച്ചതാണ് കേസിന് ആധാരം. ഖാനോട് ക്ഷമാപണം നടത്താൻ സുപ്രീംകോടതി നിർദേശിച്ചു. തുടർന്നാണ് സർക്കാരിന്റെ കടമകളും അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഗുരുതര ചോദ്യങ്ങളുണ്ടെന്ന് വിലയിരുത്തി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.















