കൊച്ചി> സജി ചെറിയാനെ മന്ത്രിയായി സത്യപ്രതിജ്ഞ നടത്തുവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈകിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ. സജി ചെറിയാൻ അദ്ദേഹം നടത്തിയ ഒരു പ്രസംഗം വിവാദമായതിന്റെ പേരിൽ രാജി വെച്ച മന്ത്രിയാണ്. അദ്ദേഹത്തെ ആ പ്രസംഗത്തിന്റെ പേരിൽ നിയമസഭാംഗമായി തുടരുന്നതിന് അയോഗ്യത കൽപ്പിക്കണമെന്ന ഹർജി കോടതി തള്ളുകയും ചെയ്തു. ഭരണഘടനയോടുള്ള അനാദരവല്ല, ഭരണഘടനാ വിമർശനങ്ങൾ . ഭരണഘടന അട്ടിമറിയോ, സത്യപ്രതിജ്ഞ ലംഘനമോ ഈ വിഷയത്തിൽ ഉദ്ഭവിക്കുന്നുമില്ലെന്നും പ്രസ്താവനയിൽ സംസ്ഥാന കമ്മിറ്റി സെക്രട്ടറി അഡ്വ. സി പി പ്രമോദ് പറഞ്ഞു.
സജി ചെറിയാൻ വീണ്ടും മന്ത്രിയായി ചുമതല വഹിക്കണമെന്നും സത്യപ്രതിജ്ഞ ചെയ്യണമെന്നും മുഖ്യമന്ത്രി ശുപാർശ ചെയ്തതിനെ അനാവശ്യമായ വിവാദമാക്കുകയാണ് ഗവർണ്ണർ. ഇന്ത്യൻ ഭരണഘടനയുടെ 164 അനുച്ഛേദപ്രകാരം മുഖ്യമന്ത്രിയുടെ ശുപാർശയിൽ മന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ട ഉത്തരവാദിത്വം ഗവർണ്ണർക്കാണ്. നിയമസഭാ അംഗത്തിന് അയോഗ്യത കൽപ്പിച്ച് കൊണ്ട് ഒരു അധികാര സ്ഥാപനങ്ങളും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. അനുച്ഛേദം 164 (1B) യിൽ പറയും പ്രകാരമുള്ള ഒരു അയോഗ്യതയും സജി ചെറിയാന് ഇല്ല . അത്തരം സാഹചര്യത്തിൽ സജി ചെറിയാനെ സത്യപ്രതിജ്ഞ ചെയ്യിക്കാൻ ഗവർണർക്ക് ഭരണഘടനാ ഉത്തരവാദിത്വം ഉണ്ട് . നിയമസഭാ അംഗം അല്ലാത്ത ഒരാളെയും മന്ത്രിയായി മുഖ്യമന്ത്രിക്ക് ശുപാർശ ചെയ്യാം. മന്ത്രിയായി 6 മാസത്തിനകം നിയമസഭാംഗമായില്ലെങ്കിൽ അയോഗ്യനാവും എന്നാണ് അനുച്ഛേദം 164 (4) അനുശാസിക്കുന്നത്. ഭരണഘടനാ വ്യവസ്ഥകൾ ഇത്രയും വ്യക്തമായിരിക്കെ ഗവർണ്ണർ
സത്യപ്രതിജ്ഞ വൈകിപ്പിക്കാൻ നിയമോപദേശത്തിന് വിട്ടതായാണ് വാർത്ത.
മന്ത്രിയെ നിയമിക്കുന്ന കാര്യത്തിൽ ഗവർണ്ണർ തീരുമാനമെടുക്കുമെന്നാണ് ഇത് സംബന്ധിച്ച വാർത്തകൾ സൂചിപ്പിക്കുന്നത്. ഭൂരിപക്ഷമുള്ള കക്ഷി നേതാവിനെ മുഖ്യമന്ത്രിയായി നിയമിക്കാനോ , മുഖ്യമന്ത്രിയുടെ ശുപാർശക്കനുസരിച്ച് മന്ത്രിമാരെ നിയമിക്കാനോ ഗവർണ്ണർക്ക് യാതൊരു വിധ വിവേചന അധികാരവും ഭരണഘടന നൽകുന്നില്ല. സംസ്ഥാന ഭരണ തലവൻ എന്ന നിലയിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകുന്നതിന് പകരം നിരന്തരം സർക്കാരിനെ എതിർക്കുകയും, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തീരുമാനങ്ങളെ എതിർത്ത് ഭരണ പ്രതി സന്ധി സൃഷ്ടിക്കുകയും ചെയ്യുന്ന തലതിരിഞ്ഞ നടപടികളാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചു വരുന്നത്. നിയമ സഭ പാസ്സാക്കിയ ബില്ലുകൾ പോലും തന്നിഷ്ട പ്രകാരം പിടിച്ച് വെക്കുന്ന നടപടികൾ ജനാധിപത്യത്തിനും ഭരണഘടനയോടും ഉള്ള അവഹേളനമാണ്.
ഗവർണ്ണർ നിയമ പ്രകാരം പ്രവർത്തിക്കണം. സജി ചെറിയാന്റെ സത്യപ്രതിജ്ഞ സർക്കാർ തീരുമാനമനുസരിച്ച് നടത്തണം. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ തീരുമാനങ്ങൾ അംഗീകരിക്കാനുള്ള വിമുഖത താൻ വഹിക്കുന്ന ഭരണഘടനാ പദവിയുടെ അന്തസ്സിന് നിരക്കുന്നതല്ല എന്ന് കൂടി ഗവർണർ തിരിച്ചറിയണമെന്നും ലോയേഴ്സ് യുണിയൻ പ്രസ്താവനയിൽ പറഞ്ഞു.