തിരുവനന്തപുരം> സുപ്രീംകോടതി വിധിയിൽ നോട്ടുനിരോധനത്തിലെ കെടുതികൾ നേരിട്ടവർക്ക് ഒരു പരിഹാരവും നിർദേശിക്കുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ബാങ്കുകൾക്കുമുന്നിൽ രൂപപ്പെട്ട വലിയ നിരയിൽപ്പെട്ട് കുഴഞ്ഞുവീണ് മരിച്ചവർ നിരവധിയാണ്. മക്കളുടെ കല്യാണത്തിനും പഠനത്തിനുമൊക്കെ പണം ലഭിക്കാതെ ജീവത്യാഗം ചെയ്തവരും കൊല്ലപ്പെട്ടവരും ഒട്ടേറെയാണ്. പകർച്ചവ്യാധിപോലെയാണ് ഭയാശങ്കകൾ നിറഞ്ഞത്. ഈ സാഹചര്യം കോടതി പരിശോധിച്ചിട്ടില്ല. നോട്ടുനിരോധന തീരുമാനത്തിൽ സർക്കാരിന്റെ നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങൾ സംബന്ധിച്ചാണ് സുപ്രീംകോടതി പരിശോധിച്ചതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.
നോട്ടുനിരോധനം വേണ്ടത്ര തയ്യാറെടുപ്പോ മുന്നറിയിപ്പോ ഇല്ലാതെ നടപ്പാക്കിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇക്കാര്യം കോടതിയുടെ പരിശോധനയിൽ വരുന്ന കാര്യമായിരുന്നില്ല. സാമ്പത്തിക, സാമൂഹ്യ രംഗത്ത് നോട്ടുനിരോധനം വലിയ ക്ഷതം സൃഷ്ടിച്ചുവെന്നാണ് ഇന്ത്യയിൽ നടന്ന എല്ലാ പഠനങ്ങളും വിലയിരുത്തിയത്.പ്രശ്നത്തിന് വൈകിയ വേളയിൽ പരിഹാരമുണ്ടാക്കാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. തകർന്ന സമ്പദ്വ്യവസ്ഥയെ പുനഃസ്ഥാപിക്കാനാകില്ലെന്നത് അംഗീകരിക്കുകയാണ് കോടതിയും. റിസർവ് ബാങ്കിന് ഒരു കത്തയച്ചശേഷം, തൊട്ടടുത്ത ദിവസം നിരോധന പ്രഖ്യാപനംവന്നു. ഈ നടപടികളിലെങ്ങും നിയമപരമായ കാര്യങ്ങൾ പരിശോധിക്കപ്പെട്ടില്ലെന്നാണ് ന്യൂനപക്ഷ വിധി ചൂണ്ടിക്കാട്ടുന്നത്.
ഒരു കള്ളപ്പണവും കണ്ടെത്തിയില്ലെന്നുമാത്രമല്ല, 99 ശതമാനം നോട്ടും തിരികെയെത്തി. രാജ്യത്തെയും ജനങ്ങളെയും കാണാതെ കേന്ദ്ര ബിജെപി സർക്കാർ എടുക്കുന്ന പല തീരുമാനങ്ങളിലൊന്നായിരുന്നു ഈ തീരുമാനവുമെന്നാണ് തെളിയുന്നത്. ഇതേനിലയിലെ മറ്റൊരു തീരുമാനമാണ് പൊതുമേഖലയെ വിറ്റഴിച്ച് ഖജനാവ് നിറയ്ക്കൽ. റെയിൽവേ പോലുള്ള പൊതുസ്വത്തുക്കളാണ് വിറ്റഴിക്കുന്നത്. സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങൾ കവരുന്നു. ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാതാക്കി. ഇതിന്റെയെല്ലാം പരിണതഫലം ഭാവിയിലേ വ്യക്തമാകൂവെന്നും ധനമന്ത്രി പറഞ്ഞു.















