തിരുവനന്തപുരം> കോഴിക്കോടുനിന്നെത്തി തിരുവനന്തപുരത്തിന്റെ സ്വന്തമായി എഴുപതുകളിലെ സമരമുഖങ്ങളിൽ നിറസാന്നിധ്യമായ നേതാവ്, പത്മിനി വർക്കി. സ്ത്രീമുന്നേറ്റ സമരങ്ങളിലും പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്ന പത്മിനി 1936ൽ സുകുമാരൻ–- ക്രിസ്റ്റീന ദമ്പതികളുടെ മകളായി കോഴിക്കോടാണ് ജനിച്ചത്.
1973ലെ എൻജിഒ യൂണിയൻ അനിശ്ചിതകാല സമരത്തിൽ ഡിപിഒ ഓഫീസിനെ വിറപ്പിച്ച വനിതാ നേതാവായിരുന്നു പത്മിനി. ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന അവർ രുഗ്മിണി കൃഷ്ണനൊപ്പം ഓഫീസ് ഉപരോധത്തിന് നേതൃത്വം നൽകി. വനിതാ പൊലീസുകാരില്ലാതെ തങ്ങളെ കസ്റ്റഡിയിലെടുക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ നേതാക്കൾ അന്ന് പൊലീസിനെയും മുൾമുനയിൽ നിർത്തി. പിന്നീട് സ്ഥാനക്കയറ്റം കിട്ടിയപ്പോൾ സജീവ പ്രവർത്തനം കെജിഒഎയിലേക്ക് മാറ്റി.
അന്നത്തെ എൻജിഒ യൂണിയൻ അനിശ്ചിതകാല സമരത്തിൽ പങ്കെടുത്ത വനിതാ ജീവനക്കാരെ സ്വകാര്യ ഹോസ്റ്റൽ പുറത്താക്കിയത് കേരള വർക്കിങ് വിമൻ അസോസിയേഷൻ എന്ന സംഘടനയുടെ രൂപീകരണത്തിനും കാരണമായി. 1992മുതൽ കേരള വർക്കിങ് വിമൻ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ടി രാധാമണിയായിരുന്നു അന്ന് സെക്രട്ടറി. ആ കാലയളവിൽ വർക്കിങ് വിമൻ ഹോസ്റ്റലുകൾ, പൊലീസ് വകുപ്പിൽ ഫാമിലി കൗൺസലിങ് സെന്റർ, ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്കുള്ള ഷോർട്ട് സ്റ്റേ ഹോം എന്നിവയും ആരംഭിച്ചു. സൗജന്യ നിയമസേവനമടക്കം നൽകാനായി. ജോലി ചെയ്യുന്ന സ്ത്രീകൾക്കായുള്ള ഏറ്റവും വലിയ പ്രസ്ഥാനമായി അസോസിയേഷൻ വളർന്നു.
ദേവകി വാര്യരാണ് പത്മിനിയെ അസോസിയേഷൻ ഭാരവാഹിയാക്കിയത്. ദേവകി വാര്യരുടെ മരണശേഷം ആരംഭിച്ച “ദേവകി വാര്യർ മെമ്മോറിയൽ വിമൻസ് സ്റ്റഡീസ് ആൻഡ് എംപവർമെന്റ് സെന്ററി’ന്റെ ആദ്യ ജോയിന്റ് സെക്രട്ടറിയായും പത്മിനി പ്രവർത്തിച്ചു. മരണംവരെ ഈ സ്ഥാനം തുടർന്നു. വർക്കിങ് വിമൻ അസോസിയേഷനെയും ദേവകി വാര്യർ സ്മാരകത്തെയും വളർത്തിയെടുക്കുന്നതിലും പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും പത്മിനി വർക്കിയുടെ സംഭാവനകൾ ഏറെ വലുതാണ്.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും സിപിഐ എം ചാല ലോക്കൽ കമ്മിറ്റി അംഗവും മുടവൻമുകൾ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. ഡ്രഗ്സ് കൺട്രോളറായിരുന്ന പി എം വർക്കിയായിരുന്നു ഭർത്താവ്. ആറു മക്കളുണ്ട്. 79–-ാം വയസ്സിൽ 2015 ഡിസംബർ 12നായിരുന്നു അന്ത്യം.















