കോഴിക്കോട്> ‘തെരക്കാക്കണ്ട, മ്മക്ക് ആറേകാലുവരെ സമയമുണ്ടല്ലോ’–- സ്കൂൾ കലോത്സവത്തിന്റെ നൂറ്റിപ്പതിനേഴരപ്പവൻ കപ്പ് കാണാൻ മാനാഞ്ചിറയിലേക്ക് ഒഴുകിയത് നിരവധിപേർ. തിങ്കൾ വൈകിട്ട് 5.30 മുതലാണ് മാനാഞ്ചിറ സ്ക്വയറിൽ സ്വർണക്കപ്പ് പ്രദർശിപ്പിച്ചത്. മന്ത്രിമാരായ വി ശിവൻകുട്ടി, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.
പാലക്കാട്ടുനിന്ന് കൊണ്ടുവന്ന കപ്പ് പകൽ രണ്ടോടെ ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ മന്ത്രിമാരായ വി ശിവൻകുട്ടി, പി എ മുഹമ്മദ് റിയാസ് എന്നിവർ സ്വീകരിച്ചു. ഘോഷയാത്രാ വരവേൽപ്പോടെ ഏറ്റുവാങ്ങി നാലോടെ മുതലക്കുളം മൈതാനത്തെത്തി. വിളംബരജാഥയ്ക്കൊപ്പം തുറന്ന ജീപ്പിൽ മാനാഞ്ചിറ മൈതാനം ചുറ്റി സ്ക്വയറിൽ പ്രദർശനത്തിന് വച്ചു. വിളംബരജാഥയിൽ ചെണ്ടമേളം, ബാൻഡ് മേളം, ഒപ്പന, കോൽക്കളി എന്നിവയുണ്ടായി. കെ എം സച്ചിൻദേവ് എംഎൽഎ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, മേയർ ബീന ഫിലിപ്പ് എന്നിവർ പങ്കെടുത്തു.















