തേഞ്ഞിപ്പലം (മലപ്പുറം)> ദക്ഷിണ മേഖല അന്തർസർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കലിക്കറ്റ് സർവകലാശാല ജേതാക്കൾ. എംജി സർവകലാശാല റണ്ണറപ്പായി. അവസാന സെമിഫൈനൽ ലീഗ് മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽനിന്നശേഷം കലിക്കറ്റ് എംജിയെ തളച്ചു (2–-2).
മൂന്നു കളിയിൽ രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റുമായാണ് കലിക്കറ്റ് ഒന്നാമതെത്തിയത്. എംജിക്ക് അഞ്ച് പോയിന്റുണ്ട്. നാല് പോയിന്റുമായി കണ്ണൂർ സർവകലാശാല മൂന്നാമതായി. രാജസ്ഥാനിൽ നടക്കുന്ന അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിന് ഇവർക്കൊപ്പം കേരള സർവകലാശാലയും യോഗ്യത നേടി.
കലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എംജിയാണ് ആദ്യം മുന്നിലെത്തിയത്. നിംഷാദ് റോഷൻ ഗോൾ നേടി. നിറംമങ്ങിയ കലിക്കറ്റിന്റെ വലയിൽ രണ്ടാംഗോളും എത്തി. പ്രതിരോധനിരയുടെ മുകളിലൂടെ കടന്നെത്തിയ പന്ത് സ്വീകരിച്ച് അദ്നാൻ ലീഡുയർത്തി.
രണ്ടാംപകുതിയിൽ ഗോൾ കീപ്പറെയും രണ്ടു കളിക്കാരെയും മാറ്റിയ കലിക്കറ്റ് കോച്ച് സതീവൻ ബാലന്റെ തീരുമാനം നിർണായകമായി. ഷംനാദിന്റെ ഇരട്ടഗോളിൽ കലിക്കറ്റ് സമനിലയും കിരീടവും സ്വന്തമാക്കി. അവസാന മിനിറ്റുകളിൽ ഇരുടീമുകളും വിജയത്തിനായി പൊരുതിയെങ്കിലും ലക്ഷ്യം കണ്ടില്ല. എംജി കഴിഞ്ഞവർഷത്തെ ചാമ്പ്യൻമാരാണ്. കലിക്കറ്റ് അഖിലേന്ത്യ ചാമ്പ്യൻമാരും. കണ്ണൂർ സർവകലാശാല നാല് ഗോളിന് കേരളയെ പരാജയപ്പെടുത്തി. ആകാശ് രവി ഇരട്ടഗോൾ നേടി. സഫാദും മുഷറഫും പട്ടിക പൂർത്തിയാക്കി.
കലിക്കറ്റിന്റെ അക്ബർ സിദ്ദിഖ് മികച്ച കളിക്കാരനായി. നിസാമുദീനാണ് മികച്ച സ്ട്രൈക്കർ. കണ്ണൂരിന്റെ മുഹമ്മദ് ഇക്ബാൽ മികച്ച ഗോളിയും കേരളയുടെ ജേക്കബ് പ്രതിരോധക്കാരനുമായി. മികച്ച മധ്യനിര താരം എംജിയുടെ നിധിനാണ്. വിജയികൾക്ക് കലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് സമ്മാനങ്ങൾ വിതരണം ചെയ്തു. അഖിലേന്ത്യാ ചാമ്പ്യൻഷിപ് ജനവരി എട്ടുമുതൽ 16 വരെ കോട്ട രാജസ്ഥാൻ സർവകലാശാലയിൽ നടക്കും.
കലിക്കറ്റ് ടീം: ജിസൽ ജോളി, പി എ ഹാഫിസ്, കെ പി ഷംനാദ് (സെന്റ് തോമസ് തൃശൂർ), സി മുഹമ്മദ് ജിയാദ്, അബ്ദുൽ ഡാനിഷ്, ഇ വി മുഹമ്മദ് ഷമീൽ (സെന്റ് ജോസഫ് കോളേജ് ദേവഗിരി), സി വി അധർവ്, നന്ദു കൃഷ്ണ (ഫാറൂഖ് കോളേജ്, ഫറോക്ക്), വി ആർ സുജിത്, കെ പി ശരത് (കേരള വർമ തൃശൂർ), വി എ അബി, പി നജീബ്, സി സനൂപ് (എംഇഎസ് കെവിഎം വളാഞ്ചേരി), എൻ പി അക്ബർ സിദ്ദിഖ്, യു കെ നിസാമുദീൻ (ക്യാപ്റ്റൻ) (ഇഎംഇഎ കോളേജ് കൊണ്ടോട്ടി), എൻ പി മുഹമ്മദ് സഹദ് (സഫ കോളേജ് വളാഞ്ചേരി), മുഹമ്മദ് റമീഫ്(എംഇഎസ് മമ്പാട്), പി കെ മിഷാൽ (എംഎഎംഒ മുക്കം), ഭവിൻ നാരായണൻ (ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്), പി പി മുഹമ്മദ് സഫ്നീത് (ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ).
കോച്ച്: സതീവൻ ബാലൻ, അസിസ്റ്റന്റ് കോച്ച്: മുഹമ്മദ് ഷഫീക്, മാനേജർ: ഷിഹാബുദീൻ, ഫിസിയോ: ഡെന്നി ഡേവിസ്.