മുംബൈ> പുതുവത്സരത്തിൽ പുതുമോടിയിൽ ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ മൂന്നുമത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരം ഇന്ന് നടക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. ഹാർദിക് പാണ്ഡ്യയാണ് ക്യാപ്റ്റൻ. സൂര്യകുമാർ യാദവ് വൈസ് ക്യാപ്റ്റൻ. ഭാവയിലേക്കുള്ള ടീമിനെയാണ് ഇന്ത്യ അവതരിപ്പിക്കുന്നത്. വിരാട് കോഹ്ലി, രോഹിത് ശർമ, കെ എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവർ ടീമിലില്ല.
ഓപ്പണർമാരായി ഇഷാൻ കിഷനും ഋതുരാജ് ഗെയ്ക്ക്വാദും ഇറങ്ങും. അടിച്ചുകളിക്കുന്ന സൂര്യകുമാറിലാണ് എല്ലാ പ്രതീക്ഷയും. ദീപക് ഹൂഡയും വാഷിങ്ടൺ സുന്ദറും കളിക്കും. മലയാളിതാരം സഞ്ജു സാംസണും സാധ്യതയുണ്ട്. പന്തെറിയാൻ അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്, യുസ്വേന്ദ്ര ചഹാൽ എന്നിവരുണ്ട്. ദാസുൺ ഷനകയാണ് ലങ്കൻ ക്യാപ്റ്റൻ.
പരമ്പരയിലെ രണ്ടാമത്തെ കളി വ്യാഴാഴ്ച പുണെയിലും അവസാനത്തേത് ശനിയാഴ്ച രാജ്കോട്ടിലുമാണ്. തുടർന്ന് മൂന്നുമത്സരങ്ങളുടെ ഏകദിന പരമ്പരയുണ്ട്. 10ന് ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം. രണ്ടാമത്തേത് 12ന് കൊൽക്കത്തയിലും അവസാനത്തേത് 15ന് തിരുവനന്തപുരത്തുമാണ്.
ലങ്കയ്ക്കെതിരെ ട്വന്റി20യിൽ ഇന്ത്യക്ക് മികച്ച റെക്കോഡാണ്. 26 കളിയിൽ 17 ജയം. ഇന്ത്യയിൽ 14 തവണ ഏറ്റുമുട്ടിയപ്പോൾ പതിനൊന്നും ഇന്ത്യ ജയിച്ചു. രണ്ടെണ്ണംമാത്രമാണ് ലങ്ക ജയിച്ചത്. വാംഖഡെ സ്റ്റേഡിയത്തിലെ ഒരുകളി ഇന്ത്യക്ക് അനുകൂലമായി.