കൊച്ചി> സ്വന്തം തട്ടകത്തിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ജംഷഡ്പുരാണ് എതിരാളി. ജയംപിടിച്ച് ഐഎസ്എൽ ഫുട്ബോളിൽ മൂന്നാംസ്ഥാനത്ത് തിരികെയെത്തുക എന്നതാണ് ഇവാൻ വുകാമനോവിച്ചിന്റെയും കൂട്ടരുടെയും ലക്ഷ്യം. 11 കളിയിൽ ഏഴും ജയിച്ചു. മൂന്ന് തോൽവിയും ഒരു സമനിലയും ഉൾപ്പെടെ 22 പോയിന്റുമായി നാലാമതാണ്. നിലവിലെ ഷീൽഡ് ചാമ്പ്യൻമാരായ ജംഷഡ്പുരാകട്ടെ ഇത്തവണ മങ്ങി. ആകെ ഒരു ജയം മാത്രമാണിതുവരെ. എട്ടിലും തോറ്റു. രണ്ട് സമനില. അഞ്ച് പോയിന്റുമായി പത്താംസ്ഥാനത്താണ്.
കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. അവസാന ഏഴ് കളിയിലും തോൽവിയറിയാതെ കുതിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. അഞ്ച് തുടർജയങ്ങൾക്കുശേഷം ചെന്നൈയിനോട് സമനില വഴങ്ങിയിരുന്നു. എന്നാൽ, കൊച്ചിയിൽ കഴിഞ്ഞ മത്സരത്തിൽ തിരിച്ചുവന്നു. ഒഡിഷ എഫ്സിയെ ഒറ്റ ഗോളിന് മറികടന്നു. സംഘടിതമായ ആക്രമണവും പ്രതിരോധവുമാണ് വുകാമനോവിച്ച് ആവിഷ്കരിക്കുന്നത്.
പ്രതിരോധത്തിൽ ക്രൊയേഷ്യക്കാരൻ മാർകോ ലെസ്കോവിച്ചാണ് പ്രധാനി. മധ്യനിരയിൽ മലയാളിതാരങ്ങളായ കെ പി രാഹുലും സഹൽ അബ്ദുൾ സമദും സ്ഥിരതയോടെ പന്തുതട്ടുന്നു. ഇവാൻ കലിയുഷ്നിയുടെ സാന്നിധ്യം കരുത്തുകൂട്ടും. അഡ്രിയാൻ ലൂണയും ദിമിത്രി ഡയമന്റാകോസും മുന്നേറ്റനിരയിൽ പതർച്ചയൊന്നുമില്ലാതെ കളിക്കുന്നു. സമവാക്യങ്ങളെല്ലാം ഒത്തുവന്നാൽ വമ്പൻ ജയം ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നു.
മറുഭാഗത്ത് തുടർച്ചയായ ഏഴ് തോൽവിക്കുശേഷം അവസാന കളിയിൽ എഫ്സി ഗോവയെ 2–-2ന് തളച്ച ആത്മവിശ്വാസവുമായാണ് ജംഷഡ്പുർ എത്തുന്നത്. മുംബെെ സിറ്റി 4–2ന് ഒഡിഷയെ തോൽപ്പിച്ചു. 30 പോയിന്റുമായി ഒന്നാമത്.