ന്യൂഡൽഹി> ഡൽഹിയിൽ ഇരുചക്രവാഹനമോടിച്ച യുവതി കാറിടിച്ച് വലിച്ചിഴയ്ക്കപ്പെട്ട് കൊല്ലപ്പെട്ട കേസിലെ പ്രതികളെ ബിജെപി സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ആംആദ്മി പാർടി പ്രവർത്തകർ ലഫ്. ഗവർണർ വി കെ സക്സേനയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ചു. പ്രതികളുടെ വിവരം ഒളിപ്പിക്കാൻ പൊലീസ് ശ്രമിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഫ്. ഗവർണർ രാജിവയ്ക്കണമെന്നാണ് ആവശ്യം.
സംഭവത്തെ തുടർന്ന് എഎപി എംഎൽഎ രാഖി ബിദ്ലാന്റെ കാർ ചിലര് തകർത്തിരുന്നു. എന്നാൽ, പ്രതികളിൽ ഒരാൾ ബിജെപിക്കാരനാണെന്നും ലഫ്. ജനറലും പൊലീസ് ഉദ്യോഗസ്ഥരും ഇത് മറച്ചുപിടിച്ചെന്നും ആരോപിച്ചുള്ള എഎപി പ്രതിഷേധത്തിൽ വൻജനപങ്കാളിത്തമുണ്ടായി. സുൽത്താർപുരി അമൻവിഹാറിൽ ശനി രാത്രിയാണ് അഞ്ജലി (20) കൊല്ലപ്പെട്ടത്. യുവതിയുടെ മൃതദേഹം അടിയിൽ കുരുങ്ങിയ നിലയിൽ കാർ ഒരു മണിക്കൂറോളം സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കാറിൽ സഞ്ചരിച്ച ദീപക് ഖന്ന, കൃഷ്ണൻ, മിഥുൻ, അമിത് ഖന്ന, മനോജ് മിത്തൽ എന്നിവരെ കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് എഎപി ആവശ്യപ്പെട്ടു. കാറിൽ ഉച്ചത്തിൽ പാട്ട് വച്ചിരുന്നതിനാൽ അപകടവിവരം അറിഞ്ഞില്ലെന്നാണ് പ്രതികളുടെ വിശദീകരണം.















