ചേർത്തല > ദേശീയപാത വികസനത്തിനായി പട്ടണക്കാട് സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിന്റെ പ്രധാനകെട്ടിടം പൊളിച്ചുതുടങ്ങി. ആകർഷക രൂപകൽപ്പനയോടെ കയറിന്റെ നാട്ടിൽ ആദ്യമായി ഉയർന്ന ഉയരമേറിയ കെട്ടിടമാണ് ദിവസങ്ങൾക്കകം മൺമറയുക. തികച്ചും ഗ്രാമീണമേഖലയായിരുന്ന ചേർത്തലക്കാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകാൻ ക്രൈസ്തവസഭയാണ് വയലാർ കവലയ്ക്ക് സമീപം പതിറ്റാണ്ടുകൾക്ക് മുമ്പ് സ്കൂൾ സ്ഥാപിച്ചത്. ആദ്യമായി നിർമിച്ച കെട്ടിടമാണ് പൊളിക്കുന്നത്. ദേശീയപാത വികസനത്തിന് പൊളിച്ചുനീക്കുന്ന ജില്ലയിലെ വലിപ്പമേറിയ കെട്ടിടമാണിത്.
60,000 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടത്തിന് അഞ്ച് നിലകളുണ്ട്. 52 ക്ലാസ്മുറിയും നാല് ലാബും ഓഫീസും പ്രവർത്തിച്ചത് ഈ കെട്ടിടത്തിലാണ്. ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്ക് ചേർത്തല എത്തിയെന്ന് മനസിലാക്കാൻ കൃത്യമായ അടയാളമായിരുന്നു റോഡിനോടുചേർന്ന കൂറ്റൻ കെട്ടിടം. സ്കൂൾ മാനേജ്മെന്റാണ് പ്രത്യേക കരാറുകാരെ ഉപയോഗിച്ച് കെട്ടിടം പൊളിക്കുന്നത്. ദേശീയപാതയിലെ ഗതാഗതം നിയന്ത്രിച്ച് പൊലീസ് രംഗത്തുണ്ട്. കൂറ്റൻ ക്രെയിൻ ഉൾപ്പെടെ യന്ത്രസഹായത്തോടെയാണ് പൊളിച്ചുനീക്കൽ. കെട്ടിടം നിൽക്കുന്ന സ്ഥലത്തിന്റെ പാതിമാത്രമാണ് റോഡ് വികസനത്തിന് ഏറ്റെടുക്കുന്നത്.
ഏതാനും നിലകൾ പൂർണമായും ബാക്കി ഭാഗികമായും പൊളിച്ചുനീക്കാനാണ് പദ്ധതി. അവശേഷിക്കുന്ന സ്ഥലത്ത് കെട്ടിടം ഭാഗികമായി നിലനിർത്താനാണ് ശ്രമം. സുരക്ഷ ഉറപ്പാക്കാനായാൽ മാത്രമാണ് ഇങ്ങനെ ചെയ്യുക. കെട്ടിടം പൊളിക്കുന്ന ക്രമീകരണങ്ങൾ കലക്ടർ വി ആർ കൃഷ്ണതേജ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് വിലയിരുത്തി. ക്ലാസ് മുടങ്ങാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ജീന ജോൺ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ പൊളിച്ചുനീക്കൽ പൂർത്തിയാകും.