കണ്ണൂർ
പ്രഥമ ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന് കണ്ണൂരിൽ പ്രൗഢഗംഭീര തുടക്കം. കലക്ടറേറ്റ് മൈതാനിയിലെ പ്രധാനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മൂവായിരത്തോളം പ്രതിനിധികൾ മൂന്നുദിവസത്തെ കോൺഗ്രസിൽ പങ്കെടുക്കുന്നു.
സംഘാടകസമിതി ചെയർമാൻ ഡോ. വി ശിവദാസൻ എംപി അധ്യക്ഷനായി. കണ്ണൂർ ജില്ലയിൽ പുതുതായി രൂപീകരിച്ച 102 ലൈബ്രറികളുടെ പട്ടിക മുഖ്യമന്ത്രിക്കു കൈമാറി, ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഉദ്ഘാടന പ്രഖ്യാപനം നടത്തി. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ആമുഖ പ്രഭാഷണവും പ്രമുഖ മാധ്യമപ്രവർത്തകൻ എൻ റാം മുഖ്യപ്രഭാഷണവും നടത്തി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, പ്രബീർ പുർകായസ്ത, സുമംഗല ദാമോദരൻ, ഡോ. പ്രബ്ജോത് കൗർ, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു, ഡോ. കെ പി വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി സി എം കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ടി കെ ഗോവിന്ദൻ സ്വാഗതവും പി കെ വിജയൻ നന്ദിയും പറഞ്ഞു. പുഷ്പവതി പൊയ്പാടത്ത് സ്വാഗതഗാനം ആലപിച്ചു. സർവകലാശാല താവക്കര ക്യാമ്പസിലെ വിവിധ വേദികളിൽ അക്കാദമിക് സെഷനുകൾ നടന്നു. വൈകിട്ട് സാംസ്കാരിക സമ്മേളനം കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റ്, കണ്ണൂർ സർവകലാശാല, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.