കോഴിക്കോട്
ആർഎസ്എസിന്റെയും സംഘപരിവാരത്തിന്റെയും ആശയങ്ങൾ ഭരണതലത്തിൽ നടപ്പാക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ന്യൂനപക്ഷങ്ങളിൽപെട്ട ചിലർ ഈ ഭീഷണിയെ സ്വയം നേരിട്ടുകളയാമെന്ന ധാരണയിൽ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. അത് ആത്മഹത്യാപരമാണ്. മതനിരപേക്ഷ ചിന്താഗതിക്കാരെയെല്ലാം ഒരുമിച്ച് നിർത്തുകയാണ് വേണ്ടത്.
ഇന്ത്യയിൽ ഒരു മതവും മറ്റൊന്നിന് മുകളിലും കീഴിലുമല്ല. എന്നാൽ ഈ കാഴ്ചപ്പാടിനെ നിയമനിർമാണങ്ങളിലൂടെയും അധികാരം ഉപയോഗിച്ചും അട്ടിമറിക്കാനാണ് ശ്രമം. പൗരത്വനിയമ ഭേദഗതി പോലുള്ളവ ഇന്ത്യയിൽ സംഭവിക്കാൻ പാടില്ലാത്തതാണ്. മതന്യൂനപക്ഷങ്ങളുടെ പരിരക്ഷ പാലിക്കപ്പെട്ടേ മതിയാകൂ. എല്ലാ പൗരന്മാർക്കും നിർഭയത്തോടെ ജീവിക്കാനാകണം. വേർതിരിവും ഭേദചിന്തയുമില്ലാത്ത ഇടമായി മാറാൻ കഴിയണം.
സാമൂഹ്യ നവീകരണത്തിന്റെ പാത പിന്തുടർന്നവരാണ് കെഎൻഎമ്മിന്റെ മുൻഗാമികൾ. മുസ്ലിം ഐക്യസംഘം പോലുള്ള പ്രസ്ഥാനങ്ങളും സാമൂഹ്യപരിഷ്കർത്താക്കളും കേരളീയ നവോത്ഥാനത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ ചരിത്രപുസ്തകങ്ങളിൽനിന്ന് ഇത്തരം ഇടപെടലുകളെയാകെ അടർത്തിമാറ്റാനും സമാന്തര ചരിത്രം നിർമിക്കാനുമാണ് ശ്രമം. മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസ അവകാശവും എഴുത്ത് സ്വാതന്ത്ര്യവും നിഷേധിക്കുകയും മലയാളം നരകത്തിലേക്കുള്ള ഭാഷയായി പ്രചരിപ്പിക്കുകയും ചെയ്തപ്പോൾ അതിനെതിരെ നിലപാടെടുത്തത് സമുദായത്തിലെ സാമൂഹ്യപരിഷ്കർത്താക്കളായിരുന്നു.
പാരമ്പര്യമുള്ള സംഘടന എന്ന നിലയിൽ കെഎൻഎമ്മിന് ശക്തമായി ഇടപെടാനാവണം. കേരളത്തെ വിജ്ഞാനസമൂഹമായും നൂതനത്വമുള്ള ജനതയായും പരിവർത്തിപ്പിക്കാനാകണം. സ്ത്രീകളുടെ വിമോചനം സാധ്യമാവാതെ തുല്യപങ്കാളിത്തമുള്ള സമൂഹം കെട്ടിപ്പടുക്കാനാവില്ല. സാമൂഹ്യപരിഷ്കരണത്തിനായി രൂപീകരിക്കപ്പെട്ട ചില പ്രസ്ഥാനങ്ങൾ സാമുദായിക സ്വത്വത്തിലേക്ക് ഒതുങ്ങുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.