കോഴിക്കോട്> ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ യോജിച്ച ശബ്ദം ഉയർത്തേണ്ടിടത്ത് സർഗാത്മകതയുടെ പേര് പറഞ്ഞ് മൂകസാക്ഷികളാവുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എതിർക്കേണ്ടതിനെ തുറന്ന് എതിർക്കാൻ കഴിയണം. ഇത്തരം ഘട്ടങ്ങളിൽ നിശബ്ദത നന്നാവില്ലെന്നും മുജാഹിദ് സംസ്ഥാന സമ്മേളന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.
മതവിശ്വാസം ഏതെങ്കിലും രീതിയിൽ വർഗീയതയുമായി താദാത്മ്യം പ്രാപിക്കുന്ന ഒന്നല്ല. എന്നാൽ വർഗീയമായി ജനതയെ ഭിന്നിപ്പിക്കാൻ മതത്തെ ഉപയോഗിക്കുയാണ് ബിജെപി. ചിലയിടത്ത് ചില ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കുകയാണവർ. മറുഭാഗത്ത് പ്രബലമായ രണ്ട് ന്യൂനപക്ഷവിഭാഗങ്ങൾ ഹീനമായി അക്രമിക്കപ്പെടുകയാണ്. ഇതിന് പറ്റിയ സാമൂഹ്യഅന്തരീക്ഷമില്ലാത്തിടത്ത് അവരെ തമ്മിലടിപ്പിക്കാനാണ് ശ്രമം.
തെറ്റായ ചില വാദഗതികൾ ഈ സമ്മേളനത്തിൽ തന്നെ ഉയർന്നതായി അറിയാൻ കഴിഞ്ഞു. ഇവിടെ എന്റെ ഒരു സുഹൃത്ത് നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം കാണാനിടയായി. അദ്ദേഹം ബംഗാളിൽ 34 വർഷത്തിന് ശേഷം സിപിഐ എമ്മിന് അധികാരം നഷ്ടമായ കഥ പറയുന്നുണ്ട്. ന്യൂനപക്ഷ സമ്മേളനത്തിൽ വന്ന് സിപിഐ എമ്മിനെതിരെയാണോ സംസാരിക്കേണ്ടത്. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. വർഗീയതയോട് നാം സ്വീകരിക്കേണ്ട നിലപാടാണ് ഇവിടെ ചർച്ച ചെയ്യേണ്ടത്. അദ്ദേഹം പറയുന്നത് സംഘപരിവാരത്തെ നമ്മൾ നേരിടുമെന്നാണ്. ഇന്ന് ഇന്ത്യ നേരിടുന്ന വിപത്ത് അങ്ങിനെ നമ്മൾക്ക് മാത്രമായി നേരിടാവുന്നതല്ല എന്ന് തിരിച്ചറിയണം. അല്ലാത്ത പക്ഷം അത് സ്വയം കുഴിയിൽ ചെന്ന് വീഴുന്നതിന് തുുല്യമാവും. മഴുവോങ്ങി നിൽക്കുന്നവന് കഴുത്തുകാട്ടരുത്.
ആർഎസ്എസിന്റേയും സംഘപരിവാരത്തിന്റേയും ആശയങ്ങൾ ഭരണതലത്തിൽ നടപ്പാക്കാനാണ് നീക്കം.എല്ലാം കൈപ്പിടിയിലൊതുക്കാൻ ഒതുക്കാനുള്ള നീക്കം കാണാതിരുന്നുകൂട. ഇതിനെല്ലാമെതിരെ ഒരുമിച്ച് എതിർപ്പുയർത്തേണ്ട ഘട്ടത്തിൽ തെറ്റായ ചിത്രം വരച്ചുകാട്ടരുത്. ന്യൂനപക്ഷങ്ങളിൽ പെട്ട ചിലർ ഈ ഭീഷണിയെ സ്വയം നേരിട്ടുകളയാമെന്ന ധാരണയിൽ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. അത് ആത്മഹത്യാപരമാണ്. മതനിരപേക്ഷ ചിന്താഗതിക്കാരെയെല്ലാം ഒരുമിച്ച് നിർത്തുകയാണ് വേണ്ടത്. ഭിന്നത മൂർചിഛിപ്പിക്കുന്ന തരത്തിലുള്ള ഇടപെടൽ ഗുണകരമാവില്ല. ഇന്ത്യയിൽ ഒരു മതവും മറ്റൊന്നിന് മുകളിലും കീഴിലുമല്ല. എന്നാൽ ഈ കാഴ്ചപ്പാടിനെ നിയമനിർമാണങ്ങളിലൂടെയും അധികാരം ഉപയോഗിച്ചും അട്ടിമറിക്കാനാണ് ശ്രമം. പൗരത്വനിയമദേഭഗതി പോലുള്ളവ ഇന്ത്യയിൽ സംഭവിക്കാൻ പാടില്ലാത്താണ്. മതന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഇന്ത്യയിൽ പാലിക്കപ്പെട്ടേ മതിയാകൂ. എല്ലാ പൗരന്മാർക്കും നിർഭയത്തോടെ ജീവിക്കാനാകണം. വേർതിരിവും ഭേദചിന്തയുമില്ലാത്ത ഇടമായി മാറാൻ കഴിയണം.
സാമൂഹ്യനവീകരണത്തിന്റെ പാത പിന്തുടർന്നവരാണ് കെഎൻഎമ്മിന്റെ മുൻഗാമികൾ. മുസ്ലീം ഐക്യസംഘം പോലുള്ള പ്രസ്ഥാനങ്ങളും സാമൂഹ്യപരിഷ്കർത്താക്കളും കേരളീയ നവോത്ഥാനത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ ചരിത്രപുസ്തകങ്ങളിൽ നിന്ന് ഇത്തരം ഇടപെടലുകളെയാകെ അടർത്തിമാറ്റാനും സമാന്തരചരിത്രം നിർമിക്കാനുമാണ് ശ്രമം. മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസ അവകാശവും എഴുത്ത് സ്വാതന്ത്ര്യവും നിഷേധിക്കുകയും മലയാളം നരകത്തിലേക്കുള്ള ഭാഷയായി പ്രചരിപ്പിക്കുകയും ചെയ്തപ്പോൾ അതിനെതിരെ നിലപാടെടുത്തത് സമുദായത്തിലെ സാമൂഹ്യപരിഷ്കർത്താക്കളായിരുന്നു.
പാരമ്പര്യമുള്ള സംഘടന എന്ന നിലയിൽ കെഎൻഎമ്മിന് ശക്തമായി ഇടപെടാനാവണം. കേരളത്തെ വിജ്ഞാനസമൂഹമായും നൂതനത്വമുള്ള ജനതയായും പരിവർത്തിപ്പിക്കാനാകണം. സ്ത്രീകളുടെ വിമോചനം സാധ്യമാവാതെ തുല്യപങ്കാളിത്തമുള്ള സമൂഹം കെട്ടിപ്പടുക്കാനാവില്ല. സാമൂഹ്യപരിഷ്കരണത്തിനായി രൂപീകരിക്കപ്പെട്ട ചില പ്രസ്ഥാനങ്ങൾ സാമുദായിക സ്വത്വത്തിലേക്ക് ഒതുങ്ങുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.