തിരുവനന്തപുരം> സ്വാതന്ത്ര്യം ലഭിച്ച 75 വർഷം പൂർത്തിയാക്കിയിട്ടും ലിംഗസമത്വം എന്നത് രാജ്യത്ത് മരീചികയാണെന്ന് എസ്എഫ്ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഐഷി ഘോഷ്. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ സമ്മേളനത്തോടനുബന്ധിച്ച് കഴക്കൂട്ടത്ത് സംഘടിപ്പിച്ച “തുല്യതയ്ക്കായി യുവത’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐഷി ഘോഷ്.
മനുസ്മൃതിയിലൂന്നിയ പ്രത്യയ ശാസ്ത്രത്തിന് സ്ത്രീയെ കുറിച്ചോ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തെ കുറിച്ചൊ ചിന്തിക്കാൻപോലും കഴിയില്ല. ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള സ്ഥലങ്ങളിൽ മാത്രമാണ് സ്ത്രീകൾക്ക് അർഹമായ സ്ഥാനം ലഭിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ ക്യാപ്റ്റൻ ലക്ഷ്മി സൈഗാൽ വഹിച്ച പങ്കും കേരളത്തിൽ ദളിത് സ്ത്രീ വിമോചനത്തിന്റെ പ്രതീകമായി മാറിയ നങ്ങേലിയും സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ വഴികാട്ടിയായ സാവിത്രിഫായി ഫൂലെയും നൽകുന്ന ആത്മവിശ്വാസം മഹത്തരമാണ്. കേരള വനിതകൾ രാജ്യത്തിനാകെ മാതൃകയും വഴികാട്ടിയും ആണ്. ലിംഗസമത്വം കുടുംബങ്ങളിൽ നിന്നാണ് ആരംഭിക്കേണ്ടതെന്നും ഐഷിഘോഷ് പറഞ്ഞു.
യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം അധ്യക്ഷയായി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ വിഷയം അവതരിപ്പിച്ചു. മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി, സംസ്ഥാന ജോയിൻ സെക്രട്ടറി എസ് പുഷ്പലത, വൈസ് പ്രസിഡന്റ് ബീന കുമാരി, ഏരിയ സെക്രട്ടറിമാരായ രേവതി അനീഷ്, ശോഭ, ഏരിയ പ്രസിഡന്റുമാരായ ആർ ജലജ കുമാരി, കാർത്തിക, പ്രതിധ്വനി പ്രതിനിധി രാജീവ് കൃഷ്ണൻ, സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ എന്നിവർ സംസാരിച്ചു.