കൊച്ചി> ജനത്തിന് പുതുവർഷ പ്രഹരമായി കേന്ദ്രം വീണ്ടും പാചകവാതകവില വർധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 1748 രൂപയായിരുന്നത് 1773 രൂപയായി. തിരുവനന്തപുരത്ത് 1792 രൂപയും കോഴിക്കോട്ട് 1802 രൂപയുമാണ് പുതിയ വില. വർധന ഹോട്ടൽ, ബേക്കറി, ഭക്ഷ്യോൽപ്പന്ന യൂണിറ്റുകൾ തുടങ്ങിയവയെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഉൽപ്പന്നങ്ങളുടെ വില കൂടാനും ഇടയാക്കും.
ഹോട്ടൽ വ്യവസായം കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടയിൽ 2022ൽ മാർച്ചുമുതൽ തുടർച്ചയായി മൂന്നുമാസംകൊണ്ട് 477 രൂപ വാണിജ്യ സിലിണ്ടറിന് കൂട്ടി. മാർച്ചിൽ 107 രൂപയും ഏപ്രിലിൽ 258.50 രൂപയുമാണ് കൂട്ടിയത്. മെയ് ഒന്നിന് 103 രൂപ ഉയർത്തിയതിനുശേഷം 19ന് വീണ്ടും 8.50 രൂപകൂടി കൂട്ടി. അതിനുമുമ്പ് 2021 നവംബറിൽ ഒറ്റയടിക്ക് 268 രൂപ കൂട്ടി വില 2000 കടത്തിയിരുന്നു.
വീടുകളിലേക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. കൊച്ചിയിൽ 1060 രൂപയും തിരുവനന്തപുരത്ത് 1062 രൂപയും കോഴിക്കോട്ട് 1061.50 രൂപയുമാണ് വില. അടുത്തദിവസം അതിനും വില കൂട്ടിയേക്കുമെന്നാണ് സൂചന. വീട്ടുസിലിണ്ടറിന് മേയിൽ 53.50 രൂപയും ജൂലൈ ആറിന് 50 രൂപയും കൂട്ടിയിരുന്നു. അതിനുശേഷം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും ആറുമാസമായി കേന്ദ്രം അതിന് വില കുറച്ചിട്ടില്ല. നിലവിലെ വിലപ്രകാരം എണ്ണ വീപ്പയ്ക്ക് 14 ഡോളറിലധികമാണ് (ഏകദേശം 1160 രൂപ) കുറഞ്ഞത്.