ചിറ്റാരിക്കാൽ> പാലാവയൽ സെന്റ് ജോൺസ് പള്ളിപ്പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ 30 പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ അഞ്ജലി മാത്യു തയ്യേനി (25), അഡ്വ. ജിജോ മാത്യു കദളിക്കാട്ടിൽ (51), ഭാര്യ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ലീന ആനി മാത്യു(45), മകൻ എംബിബിഎസ് വിദ്യാർഥി മനു മത്തായി (20), ദീപ്തി ടോമി പുതുപ്പറമ്പിൽ പാലാവയൽ, ആൻസിയ ബേബി ഇളയിടത്തുമഠത്തിൽ പാലാവയൽ, ജിൻസ് മാത്യു കുന്നംപാറ, മേരിക്കുട്ടി മാരിപ്പുറം തയ്യേനി എന്നിവർ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരെ ചെറുപുഴ, പയ്യന്നൂർ സഹകരണ ആശുപത്രിയിലും ചെറുപുഴ സെന്റ് സെബാസ്റ്റ്യൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗുണ്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടി
പെരുന്നാൾ സമാപന ദിവസമായ ശനി രാത്രി ഒമ്പതിനാരംഭിച്ച വെടിക്കെട്ട് അവസാനിക്കാറായപ്പോഴായിരുന്നു അപകടം. പള്ളിക്കുസമീപത്തെ എൽപി സ്കൂൾ മൈതാനത്തായിരുന്നു വെടിക്കെട്ട് ഒരുക്കിയത്. ആകാശവിസ്മയമടക്കം കഴിഞ്ഞ് അവസാന ഇനമായ മാലക്കെട്ടിനിടെ ഗുണ്ടുകൾ മറുവശത്തെ ഹയർസെക്കൻഡറി മെെതാനിയിൽനിന്ന ആൾക്കൂട്ടത്തിനിടയിലേക്ക് വീഴുകയായിരുന്നു. ഒന്നിലധികം ഗുണ്ടുകൾ ആൾക്കൂട്ടത്തിനിടയിൽവീണ് പൊട്ടി. ഉഗ്രസ്ഫോടനത്തിൽ നിലത്തുണ്ടായിരുന്ന കരിങ്കൽചീളുകളും ഗുണ്ടുകളിലെ ചില്ലും ശരീരത്തിൽ തുളഞ്ഞുകയറിയാണ് മിക്കവർക്കും പരിക്കേറ്റത്.
ലൈസൻസി അറസ്റ്റിൽ
സ്കൂൾ മൈതാനിയിൽ ജനക്കൂട്ടത്തെ വടംകെട്ടി തടയുകയോ ആവശ്യമായ മുൻകരുതലെടുക്കുകയോ ചെയ്തിരുന്നില്ലെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ പറഞ്ഞു. അലക്ഷ്യമായ രീതിയിൽ സ്ഫോടകവസ്തു കൈകാര്യംചെയ്തതിന് വെടിക്കെട്ട് ലൈസൻസി കോഴിക്കോട് തിരുവമ്പാടിയിലെ സെബാസ്റ്റ്യനെ (55) അറസ്റ്റ് ചെയ്തു. ആഘോഷ കമ്മിറ്റി മുൻകൂട്ടി കലക്ടറുടെ അനുമതി വാങ്ങിയിരുന്നില്ല.