ഹൈദരാബാദ്> തെലങ്കാനയിൽ ശബരിമല അയ്യപ്പനെപ്പറ്റി വിവാദ പ്രസംഗം ചെയ്ത യുക്തിവാദി നേതാവിനെ കേരളത്തിൽ നിന്നുള്ള സിപിഐഎം നേതാവാക്കി ഇന്ത്യ റ്റുഡേ വാർത്താ ചാനലിന്റെ വ്യാജപ്രചരണം.
അയ്യപ്പൻറെ ജനനത്തെപ്പറ്റി വിവാദ പരാമർശങ്ങൾ നടത്തിയ ബൈരി നരേഷിനെയാണ് കേരളത്തിൽ നിന്നുള്ള സിപിഐ എം നേതാവായി ചിത്രീകരിച്ചത്. ചാനലിലെ ഇംഗ്ലീഷ് ന്യൂസ് ബുള്ളറ്റിനിൽ വന്ന വ്യാജവാർത്ത പിന്നീട് ഇന്ത്യ റ്റുഡേ ട്വീറ്റ് ചെയ്യുകയും ചെയ്തു.
കേരളത്തിനുള്ള സിപിഐ എം പ്രവർത്തകർ അടക്കം നിരവധിപേർ കേരളത്തിൽ ഇങ്ങനെ സിപിഐ എം നേതാവില്ലെന്ന് ട്വിറ്ററിൽ പ്രതികരിച്ചെങ്കിലും ചാനൽ വാർത്ത തിരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ല. അതിനിടെ ഒട്ടേറെ ബിജെപി അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഈ നുണ രാജ്യത്താകെ പ്രചരിപ്പിച്ചു. ചാനൽ വീഡിയോ ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു്. വളരെ വൈകി ട്വീറ്റ് നീക്കിയെങ്കിലും ചാനലിൽ ഒരു തരത്തിലുള്ള ഖേദപ്രകടനത്തിനും ഇന്ത്യ റ്റുഡേ തയ്യാറായിട്ടില്ല.
വികാറബാദ് ജില്ലയിലെ കോടങ്കലിൽ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്ന് നിരീശ്വരവാദി സംഘം സംസ്ഥാന പ്രസിഡണ്ട് കൂടിയായ ബൈരി നരേഷിനെ വാറങ്കലിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒസ്മാനിയ സർവ്വകലാശാല വിദ്യാർത്ഥിയായ നരേഷിനു കേരളവുമായോ സിപിഐഎമ്മുമായി ഒരു ബന്ധവുമില്ലാതിരിക്കെയാണ് അദ്ദേഹതെത ‘കേരളത്തിലെ സിപിഐ എം നേതാവ്’ആക്കിയത്. അതെങ്ങനെ സംഭവിച്ചു എന്നതിന് ചാനൽ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.















