കോഴിക്കോട്
സന്തോഷ് ട്രോഫി ഫുട്ബോളിൽ രണ്ടാംകളിയും ജയിച്ച് ആതിഥേയരായ കേരളം ഫൈനൽ റൗണ്ട് സാധ്യത സജീവമാക്കി. കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചാമ്പ്യൻമാർ ബിഹാറിനെ 4–-1ന് തോൽപ്പിച്ചു. നിജോ ഗിൽബർട്ട് രണ്ടും കെ അബ്ദുറഹിം, വിശാഖ് മോഹനൻ എന്നിവർ ഓരോ ഗോളും നേടി. രണ്ടു കളിയിൽ 11 ഗോളടിച്ച കേരളം ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്.
തുടക്കത്തിലേ ആക്രമണവുമായി കളംനിറഞ്ഞ കേരളം ഗോളടിക്കുന്നതിൽ നിരന്തരം പരാജയപ്പെട്ടു. നിരവധി സുവർണാവസരങ്ങൾ പാഴായി. ഗോളിമാത്രം മുന്നിൽനിൽക്കെ നരേഷ് ഭാഗ്യനാഥൻ പുറത്തേക്കടിച്ചു. നിജോ ഗിൽബർട്ടിനും സുവർണാവസരം ഗോളാക്കാനായില്ല. വിഘ്നേഷിന്റെ ഗോളുറപ്പിച്ച കോർണർ കിക്ക് ബിഹാർ പ്രതിരോധ നിരക്കാരൻ ഹെഡ് ചെയ്ത് പുറത്താക്കി. ഗോളിമാത്രം മുന്നിൽ നിൽക്കെ റിസ്വാൻ അലിയുടെ കിക്ക് പുറത്തേക്ക്. നരേഷിന്റെ ഷോട്ട് ഗോളിയുടെ കാലിൽ തട്ടി ബാറിലിടിച്ച് പുറത്തേക്ക്. ഒടുവിൽ 24–-ാംമിനിറ്റിൽ ഗോൾ വന്നു. നിജോ ഗിൽബർട്ടിന്റെ ക്രോസ് ഗോളിയെ കബളിപ്പിച്ച് വലയിലേക്ക്. ബിഹാർ താരം രാഹുൽകുമാറിന്റെ കൈയിൽ പന്ത് തട്ടിയതിന് ലഭിച്ച പെനൽറ്റി ഗോളാക്കി നിജോ ഗിൽബർട്ട് ലീഡുയർത്തി. രണ്ടാംപകുതിയിൽ ബിഹാർ കളിയിലേക്ക് തിരിച്ചുവന്നു. മുന്നേറ്റനിര ആക്രമണം ശക്തമാക്കിയതോടെ കേരളം വിയർത്തു. 70–-ാംമിനിറ്റിൽ ആകാശ് കുമാറിന്റെ കോർണർ കിക്കിന് തലവച്ച് മുന്ന മാണ്ടി കേരളത്തിന്റെ വല കുലുക്കി.
വിശാഖ് മോഹനും അബ്ദുറഹിമും പകരക്കാരായി എത്തിയതോടെ കേരളം സജീവമായി. നാലു മിനിറ്റിൽ രണ്ട് ഗോളടിച്ച് വിജയമുറപ്പിച്ചു. 81–-ാംമിനിറ്റിൽ വിഘ്നേഷ് നൽകിയ പാസ് വിശാഖ് മോഹനനും 84–-ാംമിനിറ്റിൽ വിശാഖ് മോഹനൻ നൽകിയ പാസ് അബ്ദു റഹിമും ഗോളാക്കി. മിസോറം ജമ്മു കശ്മീരിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചു. വെള്ളി പകൽ 3.30ന് രാജസ്ഥാൻ ആന്ധ്രപ്രദേശിനെ നേരിടും. ജനുവരി ഒന്നിന് പകൽ 3.30ന് ആന്ധ്രപ്രദേശുമായാണ് കേരളത്തിന്റെ അടുത്ത കളി.