ആലപ്പുഴ
വയലാർ പത്മാലയം വീട്ടിലെ അടുക്കളയിൽ ഗ്യാസ് അടുപ്പിൽ പ്രകൃതിവാതകം തെളിഞ്ഞുകത്തി. അടിക്കടിയുള്ള പാചകവാതക വിലവർധനയിൽ തകർന്ന കുടുംബ ബജറ്റിനെ പ്രകൃതിവാതകം തിരികെപിടിക്കുമെന്നുറപ്പ്. എൽഡിഎഫ് സർക്കാരിന്റെ പുതുവത്സരസമ്മാനം പ്രകൃതിവാതകമായി വരുംദിവസങ്ങളിൽ വയലാറിലെയും ചേർത്തല നഗരസഭ പരിധിയിലെ വീടുകളിലും കൂടുതൽ രുചിപകരും. സിലിൻഡർ വേണ്ട, അപകടസാധ്യതയില്ല, മലിനീകരണ പ്രശ്നങ്ങളില്ല. ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ വിലക്കുറവും. നിലവിൽ സിലിൻഡർ ഉപയോഗിക്കുന്നതിനെക്കാൾ ലാഭകരമാണ് പ്രകൃതിവാതകം. 20 ശതമാനംവരെ സാമ്പത്തികലാഭം ഉണ്ടാകും. എന്തുകൊണ്ടും പ്രകൃതിവാതകം കീശ കാലിയാക്കില്ലെന്നാണ് പ്രതീക്ഷയെന്ന് പത്മാലയം വീട്ടിൽ എ പി പ്രകാശൻ പറഞ്ഞു. വാതകപ്രവാഹത്തിനോ മറ്റോ എന്തെങ്കിലും തടസം നേരിട്ടാൽ ഫോണിൽ ബന്ധപ്പെട്ടാൽ അരമണിക്കൂറിനകം പരിഹരിക്കാമെന്നും കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
പ്രകൃതിവാതകത്തിന്റെ താരിഫ് സംബന്ധിച്ച് കേന്ദ്രസർക്കാർ നിയോഗിച്ച കോത്താരി കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതോടെ ഗാർഹിക കണക്ഷനിൽ ഉപയോക്താക്കൾക്ക് കൂടുതൽ ലാഭം ഉണ്ടാകും. സിറ്റി ഗ്യാസ് പദ്ധതിയിലൂടെ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) ആണ് നൽകുന്നത്. ചേർത്തല തങ്കി ജങ്ഷന് സമീപമാണ് പാചകവാതക സംഭരണ വിതരണപ്ലാന്റ്. ഇവിടെ നിന്നും 80,000 വീടുകളിൽ പാചകവാതകം എത്തിക്കാനാകും.
അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡിനാണ് (എജി ആൻഡ് പി) പദ്ധതിയുടെ നിർവഹണചുമതല. രണ്ടാംഘട്ടത്തിൽ സമീപ പഞ്ചായത്തുകളിലും ആലപ്പുഴ ഭാഗത്തും വിതരണം തുടങ്ങും.