തലശേരി
കോടിയേരി പുന്നോൽ താഴെവയലിലെ സിപിഐ എം പ്രവർത്തകൻ കെ ഹരിദാസനെ വെട്ടിക്കൊന്ന കേസിലെ പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നതിൽനിന്ന് അഡീഷണൽ ജില്ലാ സെഷൻസ് (രണ്ട്) ജഡ്ജി എ വി മൃദുലയെ മാറ്റണമെന്ന് ആവശ്യം. ഹരിദാസന്റെ ഭാര്യ എ കെ മിനി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചും ആറും പ്രതികളായ പുന്നോൽ കരോത്ത്താഴെ പി കെ ദിനേശ് (49, പൊച്ചറ ദിനേശ്), കൊമ്മൽവയലിലെ കടുമ്പേരി പ്രഷിജ് (43, പ്രജൂട്ടി) എന്നിവർക്ക് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് പരാതി. ജഡ്ജി മൃദുലയുടെ മകൻ അനിരുദ്ധ് സജീവ ബിജെപി പ്രവർത്തകനായതിനാലാണ് ജാമ്യം അനുവദിച്ചതെന്ന് നാട്ടിൽ സംസാരമുണ്ടെന്ന് ഹർജിയിൽ പറഞ്ഞു. താൽക്കാലിക ചുമതലയിൽ വന്ന ജഡ്ജി രാഷ്ട്രീയ വിധേയത്വത്തോടെയാണോ കേസ് പരിഗണിക്കുന്നതെന്ന ഭയമുണ്ട്. മറ്റുപ്രതികൾക്കും ഇതേ നിലയിൽ ജാമ്യം നൽകുമെന്ന ആശങ്കയുണ്ട്. പ്രതികൾ പുറത്തിറങ്ങിയാൽ അപായപ്പെടുത്തുമെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്തി നീതി ഉറപ്പാക്കണമെന്നും മിനി അഭ്യർഥിച്ചു.
അമ്മയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഹരിദാസൻ. കേസിൽ സാക്ഷികളായതിനാൽ പ്രതികളുടെ സഹായികൾ നിരന്തരം ഭീഷണിപ്പെടുത്തുന്നു. പ്രതികൾ പുറത്തിറങ്ങിയാൽ തങ്ങളെയും വകവരുത്തുമെന്നാണ് പറയുന്നത്. രണ്ടു പ്രതികൾക്ക് ജാമ്യം ലഭിച്ചതോടെ ഭയപ്പാടിലാണ് കുടുംബമെന്നും പരാതിയിലുണ്ട്.
മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ഫെബ്രുവരി 21ന് പുലർച്ചെ വീട്ടുമുറ്റത്തുവച്ചാണ് ആർഎസ്എസ്–-ബിജെപി സംഘം വെട്ടിക്കൊന്നത്. ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ്, സെക്രട്ടറി പ്രതീഷ് എന്ന മൾട്ടി പ്രജി എന്നിവരടക്കം 17 പേരാണ് പ്രതികൾ. മൂന്നും നാലും പ്രതികളായ ചാലക്കര മീത്തലെ കേളോത്ത് വീട്ടിൽ ദീപക് എന്ന ഡ്രാഗൺ ദീപു (30), ന്യൂമാഹി ഈയ്യത്തുങ്കാട് പുത്തൻപുരയിൽ ‘പുണർത’ത്തിൽ നിഖിൽ എൻ നമ്പ്യാർ (27) എന്നിവർ ഒളിവിലാണ്.