തിരുവനന്തപുരം> നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ഭാരവാഹികളുടെ വീട്ടില്‍ എന്‍ഐഎ റെയിഡ്. സംസ്ഥാനത്തെ 56 ഇടങ്ങളിലാണ് പുലർച്ചെയെത്തിയ എന്‍ഐഎ സംഘം പരിശോധന നടത്തുന്നത്.
എറണാകുളത്ത് 12 ഇടങ്ങളില്‍ എരിശോധന നടക്കുന്നുണ്ട്. മൂവാറ്റുപുഴ, ആലുവ, പെരുമ്പാവൂര്‍ മേഖലകളിലാണ് നേതാക്കളുടെ വീട്ടില്‍ പരിശോധന നടത്തിയത്. സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കിയവര് എന്നിവരുടെ വീട്ടിലാണ് റെയ്ഡ്. മലപ്പുറത്ത് നാലിടത്താണ് പരിശോധന. നേരത്തെ അറസ്റ്റിലായ ദേശീയ പ്രസിഡന്റ് ഒ എം എ സലാമിന്റെ സഹോദരന്റെ മഞ്ചേരിയിലെ വീട്ടിലും പരിശോധന നടത്തി. കോട്ടക്കല്‍, വളാഞ്ചേരി എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട് .പത്തനംതിട്ടയില്‍ പിഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഷിദ്, സംസ്ഥാന കമ്മിറ്റി അംഗം നിസാര്‍ എന്നിവരുടെ വീടുകളിലും എന്‍ഐഎ റെയ്ഡ് നടത്തി. കുലശേഖരപതിയിലെ വീട്ടിലാണ് പുലര്‍ച്ചെ മൂന്ന് മുതല്‍ റെയ്ഡ് ആരംഭിച്ചത്.
കോഴിക്കോട് പാലേരിയിൽ പോപ്പുലര്‍ഫ്രണ്ട് പ്രവര്ത്തകന് കെ സാദതിന്റെ വീട്ടിലാണ് പരിശോധന. ആനക്കുഴിക്കര റഫീഖിന്റെ വീട്ടിലും നാദാപുരം വിലദപുരത്ത് നൗഷാദിന്റെ വീ്ട്ടിലും റെയ്ഡ് നടത്തി.
തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സ്ഥലങ്ങളില്‍ പരിശോധന നടക്കുകയാണ്. തോന്നയ്ക്കല്‍, നെടുമങ്ങാട്, പള്ളിക്കല്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്. തോന്നയ്ക്കല്‍ നവാസിന്റെ വീട്ടില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. കൊല്ലത്ത് കരുനാഗപ്പള്ളി, ചക്കുള്ളി എന്നിവിടങ്ങളിലാണ് പരിശോധന.
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പിഎഫഐ നേതാവായിരുന്ന സുനീര്‍ മൗലവിയുടെ വീട്ടിലാണ് റെയ്ഡ്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കേരള പൊലീസിന്റെ സാന്നിധ്യത്തിലാണ് എന്‍ഐഎ പരിശോധന. ഈരാറ്റുപേട്ടയിലും പരിശോധന നടക്കുകയാണ്.