മലപ്പുറം
കാണാക്കാഴ്ചകളും കേൾക്കാകഥകളും നിറഞ്ഞ ഉത്സവം നാട് നെഞ്ചേറ്റി. എംഎസ്പി ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിലെ നിറസദസിനെ കോരിത്തരിപ്പിച്ച് ഷഹബാസിന്റെ സ്വരം പെയ്തിറങ്ങി. ചരിത്രസത്യങ്ങളിലേക്ക് വെളിച്ചംവീശി രണ്ടുനാൾ നീണ്ട മലപ്പുറം മഹോത്സവത്തിന് സമാപനം. നാടിന്റെ മൂടിവയ്ക്കപ്പെട്ട കഥകൾ പുതുതലമുറയ്ക്കുമുന്നിൽ പ്രോജ്വലിച്ചു. കൊളോണിയൽ കെട്ടുകഥകൾ പൊളിച്ച് സത്യം ചാരത്തിൽനിന്നും ഉയിർത്തെഴുന്നേറ്റപ്പോൾ മലപ്പുറത്തിന്റെ മാനവികതക്ക് തിളക്കമേറി. കലയും അറിവും സമന്വയിച്ച രാപകലുകൾ മലപ്പുറത്തിന്റെ മതനിരപേക്ഷ മനസ് ഏറ്റെടുത്തു.
പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് ദേശാഭിമാനി മലപ്പുറം മഹോത്സവം സംഘടിപ്പിച്ചത്. അവസാനിക്കാത്ത മലപ്പുറം കഥകളുടെ വേരുകൾ തേടിയുള്ള യാത്രയായി അത് മാറി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുഹ്മാൻ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി തങ്ങൾ, എംഎൽഎമാരായ എ പി അനിൽകുമാർ, പി ഉബൈദുള്ള, കെ ടി ജലീൽ, മുൻ മന്ത്രിമാരായ പാലോളി മുഹമ്മദ്കുട്ടി, ഡോ. ടി എം തോമസ് ഐസക്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ തുടങ്ങിയവർ മഹോത്സവത്തിന്റെ ഭാഗമായി.
‘വികസന മുന്നേറ്റങ്ങളുടെ മലപ്പുറം വേഗം’, ‘നാലാംതൂണിന്റെ കാതലും പൂതലും’ എന്നീ സിമ്പോസിയവും സെമിനാർ പ്രബന്ധങ്ങളുടെ സംഗ്രഹവും അവതരിപ്പിച്ചു. പാരമ്പര്യകലകളുടെ ഉയിർത്തെഴുന്നേൽപ്പിനും മഹോത്സവം വേദിയായി. അകത്ത് ചർച്ചകൾ മുറുകുമ്പോൾ, ഉത്സവ മൈതാനിയിലെ കാഴ്ച കാണാനും ആയിരങ്ങളെത്തി. കുടുംബശ്രീ ഭക്ഷ്യവിപണന മേളയിലെ രുചിവൈവിധ്യം നുകർന്നും പഴയകാല ഉപകരണങ്ങളുടെ പ്രദർശനം കണ്ടും മിഠായിയും ഉപ്പിലിട്ടതും രുചിച്ചും സൗഹൃദംപങ്കുവച്ചും അവർ ഉത്സവത്തിന് ഇമ്പമേറ്റി.
സമാപന യോഗം മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്തു. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനായി. ചലച്ചിത്ര–-നാടക നടി നിലമ്പൂർ ആയിഷ മുഖ്യാതിഥിയായി. ഫെസ്റ്റിവൽ ഡയറക്ടർ ഒ പി സുരേഷ് സ്വാഗതവും ന്യൂസ് എഡിറ്റർ ഇ എസ് സുഭാഷ് നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ഇ എൻ മോഹൻദാസ്, ജനറൽ കൺവീനർ ആർ പ്രസാദ്, ദേശാഭിമാനി റെസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ എന്നിവർ വേദിയിലുണ്ടായിരുന്നു. ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല മത്സരത്തിലെ വിജയികൾക്ക് ഡോ. ടി എം തോമസ് ഐസക് സമ്മാനങ്ങൾ വിതരണംചെയ്തു.