കണ്ണൂർ
ജന്മി–- നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ജീവിതംകൊണ്ട് ചരിത്രമെഴുതിയ പെൺപോരാളികൾ. കലംകെട്ട് സമരനായിക കുഞ്ഞാക്കമ്മയും കേരളത്തിലെ ആദ്യ പത്രപ്രവർത്തക യശോദ ടീച്ചറും. എല്ലാം സഹിച്ച് വീടിനുള്ളിൽ കഴിയേണ്ടവരല്ല, നാടിന്റെ പോരാട്ടങ്ങളെ നയിക്കേണ്ടവരാണ് സ്ത്രീകളെന്ന് ജീവിച്ചുകാണിച്ചവർ. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ സമ്മേളനത്തിന് വീണ്ടും തിരുവനന്തപുരം വേദിയാകുമ്പോൾ ഇവരുടെ ഓർമകൾ ജ്വലിക്കുന്നു.
1947 ഫെബ്രുവരിയിൽ മയ്യിൽ, കണ്ടക്കൈ പ്രദേശങ്ങളിൽ ജന്മിയുടെ ചൂഷണത്തിനെതിരെ ‘വിത്തിട്ടവർ വിളകൊയ്യും’ ആഹ്വാനവുമായി സ്ത്രീകളും പുരുഷൻമാരുമടങ്ങിയ സംഘം കോട്ടയാട് വയലിലിറങ്ങി വിളകൊയ്തു. പൊലീസ് വീടുകളിൽ കയറി കലവും ചട്ടിയുമെല്ലാം എറിഞ്ഞുടച്ചു. അടുത്ത വീടുകളിലെ 13 സ്ത്രീകളെ സംഘടിപ്പിച്ച്, പൊട്ടിയ ചട്ടിയും കലവും കുട്ടകളിലാക്കി അറുപത്തഞ്ചുകാരിയായ കുഞ്ഞാക്കമ്മ ജന്മിയുടെ വീട്ടിലേക്ക് മാർച്ച് ചെയ്തു. കലംകെട്ട് സമരത്തിൽ പങ്കെടുത്തതിന് കുഞ്ഞാക്കമ്മയടക്കം 15 പേരെ ജയിലിലടച്ചു.
ജയിലിൽ കഴിയുന്ന കുഞ്ഞാക്കമ്മയും നാട്ടിലെ കുടുംബവും അനുഭവിച്ച കൊടിയ പീഡനങ്ങൾ പുറംലോകത്തെയറിച്ചത് ‘ദേശാഭിമാനി’ സ്വന്തം ലേഖിക യശോദ ടീച്ചറാണ്. ‘‘കണ്ണൂർ ജയിലിലുള്ള, 65 വയസ്സായ കുഞ്ഞാക്കമ്മയുടെ ജ്യേഷ്ഠത്തിയെയും മക്കളെയും എംഎസ്പി മർദിച്ചു. മർദനംമൂലം കിടപ്പിലായ മകനെ ഞങ്ങൾ കണ്ട് സംസാരിച്ചു. ആ സഖാവിനും എഴുന്നേൽക്കാനോ നടക്കുവാനോ സാധിക്കാത്തരീതിയിൽ ശരീരത്തിൽ കേടുപാടുകൾ പറ്റിയിരിക്കുന്നു’’ –-യശോദ ടീച്ചർ എഴുതി.
1946ൽ കാവുമ്പായിയിലെ കർഷകസമരവും കയരളത്തെയും കണ്ടക്കൈയിലെയും ജന്മി‐ ഗുണ്ട‐ പൊലീസ് തേർവാഴ്ചയും പുറംലോകമറിഞ്ഞത് യശോദ ടീച്ചറുടെ ലേഖനങ്ങളിലൂടെയാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ നേരിട്ടുചെന്നാണ്, നാടിനുവേണ്ടി അഭിമാനത്തോടെ ജീവത്യാഗം ചെയ്യുന്നുവെന്ന കയ്യൂർ സഖാക്കളുടെ സന്ദേശം ലോകത്തെ അറിയിച്ചത്.
യശോദ ടീച്ചറുടെ വസ്ത്രങ്ങൾ പൊലീസ് കീറിയതിനുശേഷം ബ്ലൗസിന് കുടുക്കു വച്ചില്ല. പകരം, സേഫ്റ്റി പിന്നുകൾ കുത്തിവച്ചു. അത്യാവശ്യഘട്ടങ്ങളിൽ സ്ത്രീയുടെ ആയുധമാകാൻ സേഫ്റ്റി പിന്നുകൾക്കാകുമെന്ന് അവർ പറഞ്ഞു. ഒരു കുഞ്ഞിന് ജന്മം നൽകാനാകാത്തവിധം യശോദ ടീച്ചറുടെ ഗർഭപാത്രത്തിന് ലാത്തികൊണ്ടും ഈർക്കിൽ കൊണ്ടും പൊലീസ് പരിക്കേൽപ്പിച്ചു. എന്നിട്ടും ഉള്ളിൽ ജ്വലിച്ച സ്വാതന്ത്ര്യബോധവും വിമോചനചിന്തയും യശോദ ടീച്ചറെ കൂടുതൽ കരുത്തയാക്കി.