കൊച്ചി
എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ ഒരു ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ചെട്ടിക്കണ്ടത്ത് പള്ളിപ്പറമ്പിൽ മേഴ്സിയുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഫാമിനുചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ നിരീക്ഷണമേഖലയായും പ്രഖ്യാപിച്ചു. ഫാമിലും പരിസരത്തും പ്രത്യേക പ്രതിരോധ അണുനശീകരണം നടത്തി. ആഫ്രിക്കൻ പന്നിപ്പനി, എച്ച് 1 എൻ 1 പോലെ മനുഷ്യരിലേക്ക് പകരാത്തതുകൊണ്ട് കൂടുതൽ ആശങ്ക ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു.
ഫാമിലെ 12 പന്നികൾ ചത്തതോടെ ബാക്കിയുള്ളവയിൽനിന്ന് മൃഗസംരക്ഷണവകുപ്പ് സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ഐസിഎആർ–-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ചൊവ്വ വൈകിട്ടാണ് ഫലം ലഭിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ഫാമിലെ 27 പന്നികളെയും ബുധനാഴ്ച ചീഫ് വെറ്ററിനറി ഓഫീസർ പി എം രചനയുടെ മേൽനോട്ടത്തിൽ കൊന്ന് സംസ്കരിച്ചു. തൃശൂരിൽനിന്ന് ഡോ. എ എസ് നിഖിൽ റോഷന്റെ നേതൃത്വത്തിൽ എത്തിയ വിദഗ്ധസംഘം ആവശ്യമായ നിർദേശം നൽകി.
രോഗബാധിതപ്രദേശത്ത് പന്നിമാംസ വിതരണം നിർത്തിവച്ചു. വിതരണത്തിനുപുറമെ, വിൽപ്പന നടത്തുന്ന കടകളുടെ പ്രവർത്തനവും പന്നി, മാംസം, തീറ്റ തുടങ്ങിയവ ജില്ലയുടെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും കലക്ടർ വിലക്കി. വ്യാപനം തടയാൻ, രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലെ മറ്റു ഫാമുകളിലെ പന്നികളെയും കൊല്ലും. രണ്ടുമാസത്തിനിടെ ഇവിടെനിന്ന് മറ്റു ഫാമുകളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അധികൃതർക്ക് നിർദേശം നൽകി.
സംസ്ഥാനത്തിനുപുറത്തുനിന്ന് അനധികൃതമായി മാംസവും പന്നികളെയും കടത്താനുള്ള സാധ്യത പരിഗണിച്ച് ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള പ്രവേശനകവാടങ്ങളിലും മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ പൊലീസ്, മോട്ടോർ വാഹനവകുപ്പ് എന്നിവയുമായി ചേർന്ന് പരിശോധന നടത്തും. പാമ്പാക്കുട പഞ്ചായത്തിൽ പൊലീസ്, മൃഗസംരക്ഷണവകുപ്പ്, തദ്ദേശസ്ഥാപന പ്രതിനിധികൾ, വില്ലേജ് ഓഫീസർ എന്നിവർ ഉൾപ്പെടുന്ന ദ്രുതകർമസേന രൂപീകരിക്കും.
പടരുന്നത് പന്നികളിൽമാത്രം; ലക്ഷണങ്ങൾ ശ്രദ്ധിക്കണം
ആഫ്രിക്കൻ പന്നിപ്പനി എച്ച് 1 എൻ 1 പോലെ മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരാത്തതിനാൽ ആശങ്കവേണ്ടെന്ന് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഇൻ ചാർജ് ഡോ. മറിയാമ്മ തോമസ് അറിയിച്ചു. മറ്റു പന്നികളിലേക്ക് അതിവേഗം പടരുമെന്നതാണ് ഇതിന്റെ ഭീഷണി. വൈറസ് ബാധയേറ്റ് മൂന്നുമുതൽ അഞ്ചുദിവസത്തിനകം പന്നികൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. ശക്തമായ പനി, ശ്വാസതടസ്സം, തീറ്റ മടുപ്പ്, തളർച്ച, തൊലിപ്പുറത്ത് രക്തവാർച്ച, ചെവിയിലും വയറിന്റെ അടിഭാഗത്തും കാലുകളിലും ചുവന്ന പാടുകൾ, വയറിളക്കം, ഛർദ്ദി, ഗർഭമലസൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ആന്തരാവയവങ്ങളിൽ രക്തസ്രാവത്തിന് വൈറസ് കാരണമാകും. പന്നികളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള മൃഗഡോക്ടറെ വിവരം അറിയിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.
പാലിക്കേണ്ട കാര്യങ്ങൾ
1. കാട്ടുപന്നികളും അലഞ്ഞുതിരിയുന്ന പന്നികളും തമ്മിൽ സമ്പർക്കം ഒഴിവാക്കണം.
2. ഫാമിലേക്ക് വരുകയോ പോകുകയോ ചെയ്യുന്ന വാഹനങ്ങൾ കൃത്യമായി അണുനശീകരണം ചെയ്യുക (സോഡിയം ഹൈപ്പോ ക്ലോറൈറ്റ്, സോഡിയം ഹൈഡ്രോക്സൈഡ്, കുമ്മായം, പെർ അസെറ്റിക് ആസിഡ് എന്നിവ ഉപയോഗിക്കാം)
3. ഫാമിലേക്ക് സന്ദർശകരെ പരിമിതപ്പെടുത്തുകയും അവരുടെ വിവരങ്ങൾ സൂക്ഷിക്കുകയും വേണം.
4. ഫാമിൽ കടക്കുന്നതിനുമുമ്പ് കുളിച്ച് പ്രത്യേക വസ്ത്രങ്ങൾ ധരിക്കുകയും കൈകൾ അണുനശീകരണം ചെയ്യുകയും വേണം.
5. ഫാമിലേക്ക് മറ്റുമൃഗങ്ങളോ എലികളോ പക്ഷികളോ കടക്കുന്നത് തടയുക.
6. രോഗലക്ഷണം കണ്ടാൽ അടുത്തുള്ള വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെടുക.
7. പുതുതായി വാങ്ങുന്ന മൃഗങ്ങളെ 30 ദിവസം മാറ്റി പാർപ്പിച്ച് നിരീക്ഷിക്കുക.
8. രോഗലക്ഷണങ്ങളെക്കുറിച്ച് ഫാമിലെ തൊഴിലാളികളെ ബോധവൽക്കരിക്കുക.
ഒഴിവാക്കേണ്ട കാര്യങ്ങൾ
1. അടുക്കള മാലിന്യം, ഹോട്ടൽ മാലിന്യം (പ്രത്യേകിച്ച് മാംസം അടങ്ങിയവ) പന്നികൾക്ക് ഭക്ഷണമായി നൽകുന്നത് ഒഴിവാക്കണം.
2. പന്നിയിറച്ചിയും മറ്റ് പന്നിയുൽപ്പന്നങ്ങളും ഫാമിലേക്ക് കൊണ്ടുവരുന്നതും പുറത്തേക്ക് കൊണ്ടുപോകുന്നതും ഒഴിവാക്കണം.
3. നന്നായി വേവിക്കാത്തതോ പച്ചയായതോ ആയ മാംസാഹാരങ്ങളും മീനും മറ്റുൽപ്പന്നങ്ങളും പന്നികൾക്ക് നൽകരുത്.