മുംബൈ
ഓപ്പണർ ശിഖർ ധവാൻ ഇന്ത്യയുടെ ഏകദിന ടീമിൽനിന്ന് പുറത്ത്. മുപ്പത്തേഴുകാരനായ ഈ ഇടംകൈയൻ ഓപ്പണർക്ക് തിരിച്ചുവരാനുള്ള സാധ്യതയും മങ്ങി. ശ്രീലങ്കയ്ക്കെതിരെ ജനുവരിയിൽ നടക്കുന്ന ഏകദിന–-ട്വന്റി 20 പരമ്പരകൾക്കുള്ള ടീമുകളെയാണ് പ്രഖ്യാപിച്ചത്. മലയാളിതാരം സഞ്ജു സാംസണ് ട്വന്റി 20 ടീമിൽ ഇടംകിട്ടി. എന്നാൽ, ഏകദിനത്തിൽനിന്ന് വീണ്ടും തഴഞ്ഞു.ഏകദിന ടീമിനെ രോഹിത് ശർമ നയിക്കും, ട്വന്റി 20 ടീമിനെ ഹാർദിക് പാണ്ഡ്യയും. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനും ഹാർദിക് ആണ്. ട്വന്റി 20യിൽ സൂര്യകുമാറാണ് വൈസ് ക്യാപ്റ്റൻ.
വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ഇരു ടീമിലും ഇടംകിട്ടിയില്ല. വിരാട് കോഹ്ലി, രോഹിത്, ലോകേഷ് രാഹുൽ എന്നിവർ ട്വന്റി 20 ടീമിലില്ല. ശിവം മാവിയും മുകേഷ് കുമാറുമാണ് ട്വന്റി 20യിലെ പുതുമുഖങ്ങൾ.സമീപകാലത്തെ മോശം പ്രകടനമാണ് ധവാന് തിരിച്ചടിയായത്. ബംഗ്ലാദേശിനെതിരെ മൂന്ന് കളിയിൽ നേടാനായത് 18 റൺ മാത്രം. ഏകദിന ലോകകപ്പ് മുന്നിൽ കണ്ടാണ് ടീമൊരുക്കിയത്. ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിവന്ന സഞ്ജുവിന്റെ ലോകകപ്പ് സാധ്യതകളും മങ്ങി. ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ എന്നീ താരങ്ങൾ സ്ഥാനം ഉറപ്പിച്ചു. മൂന്നുമത്സരമാണ് പരമ്പരയിൽ. മൂന്നാമത്തേത് ജനുവരി 15ന് തിരുവനന്തപുരത്താണ്. ആദ്യ ഏകദിനം 10ന് ഗുവാഹത്തിയിലും രണ്ടാമത്തേത് 12ന് കൊൽക്കത്തയിലും നടക്കും.
ട്വന്റി 20 പരമ്പരയ്ക്ക് ജനുവരി മൂന്നിന് മുംബൈയിൽ തുടക്കമാകും. അഞ്ചിന് പുണെയിലും ഏഴിന് രാജ്കോട്ടിലുമാണ് ശേഷിക്കുന്ന മത്സരങ്ങൾ. ട്വന്റി 20 ടീം–- ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്ക്വാദ്, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, രാഹുൽ തൃപാഠി, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുശ്വേന്ദ്ര ചഹാൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.ഏകദിന ടീം–- രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ലോകേഷ് രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുശ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ്.