ന്യൂഡൽഹി
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നേക്കാമെന്നും അടുത്ത 40 ദിവസം നിർണായകമാണെന്നും റിപ്പോർട്ടുകൾ. കിഴക്കൻ ഏഷ്യയിൽ കോവിഡ് വ്യാപനമുണ്ടായി 30–-35 ദിവസത്തിനുശേഷമാണ് ഇന്ത്യയിൽ വ്യാപനമുണ്ടായതെന്നതാണ് മുൻ അനുഭവമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, ജനുവരിയിൽ കൂടുതൽ നിയന്ത്രണം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയേക്കും. വലിയതോതിൽ ജനങ്ങൾ വാക്സിൻ സ്വീകരിച്ചത് മരണവും ആശുപത്രി പ്രവേശന നിരക്കും ഉയർത്തില്ലെന്നാണ് പ്രതീക്ഷ. എന്നാൽ, വ്യാപനശേഷി കൂടിയ ഒമിക്രോണിന്റെ ഉപവകഭേദം ബിഎഫ് 7 രാജ്യത്ത് സ്ഥിരീകരിച്ചത് പുതിയ തരംഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഒരാളിൽനിന്ന് കുറഞ്ഞത് പതിനാറ് പേരിലേക്ക് പകരുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ മൂന്നുദിവസത്തിനിടെ, വിദേശത്തുനിന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിലെത്തിയ 39 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചു. യുഎഇയിൽനിന്ന് രാജ്യത്തേക്ക് എത്തുന്നവർക്ക് എയർഇന്ത്യ എക്സ്പ്രസ് മാർഗനിർദേശം പുറപ്പെടുവിച്ചു.