ന്യൂഡൽഹി > രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ പലവട്ടം സുരക്ഷാവീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് കേന്ദ്രസർക്കാരിന് കത്തയച്ചു. ഡൽഹിയിൽ ജോഡോ യാത്രയ്ക്കിടെ സുരക്ഷാവീഴ്ചയുണ്ടായെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. ഡൽഹിയിലെ ബദർപ്പുരിൽ ആൾക്കൂട്ടം രാഹുലിനെ പൊതിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് വക്താവ് പവൻ ഖേര പുറത്തുവിട്ടു.
രാഹുലിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട്. എന്നിട്ടും ഡൽഹിയിൽ പല സ്ഥലങ്ങളിലും സുരക്ഷാവീഴ്ചയുണ്ടായി. ഡൽഹിയിൽ പ്രവേശിച്ചപ്പോൾ കയറുകെട്ടിയുള്ള സംരക്ഷണമുണ്ടായില്ല. രണ്ട് പ്രധാനമന്ത്രിമാരെ നഷ്ടമായ പാർടിയാണ്. രാഹുലിന്റെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുണ്ട്. ഇനി പഞ്ചാബിലേക്കും ജമ്മുകശ്മീരിലേക്കും യാത്ര കടക്കും. ഇതെല്ലാം പ്രശ്നബാധിത മേഖലകളാണ്. വിഷയം ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് –- ഖേര പറഞ്ഞു.
ഡൽഹിയിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. ഇസഡ് പ്ലസ് കാറ്റഗറിയിലായിട്ടും രാഹുലിന് ചുറ്റും സുരക്ഷാവലയം തീർത്തില്ല. രാജ്യത്തിന്റെ ഐക്യത്തിനായി കോൺഗ്രസിന്റെ രണ്ട് മുൻ പ്രധാനമന്ത്രിമാർ ജീവത്യാഗം ചെയ്തിട്ടുണ്ട്. ഛത്തിസ്ഗഢിലെ കോൺഗ്രസ് നേതൃത്വം അപ്പാടെ 2013 ലെ നക്സൽ ആക്രമണത്തിൽ തുടച്ചുനീക്കപ്പെട്ടിരുന്നു–- കത്തിൽ ചൂണ്ടിക്കാട്ടി.