തിരുവനന്തപുരം > മൃദുഹിന്ദുത്വത്തിന്റെ പേരിൽആരെയും അകറ്റിനിർത്തുന്നത് കോൺഗ്രസിന് ഉചിതമല്ലെന്ന് പ്രവർത്തക സമിതിയംഗം എ കെ ആന്റണി. അത് വീണ്ടും മോദിക്ക് അധികാരത്തിൽ വരാനേ ഉപകരിക്കൂ. എല്ലാ മതസ്ഥരായ ജനങ്ങളെയും കൂടെനിർത്തണം. ഹൈന്ദവ സുഹൃത്തുക്കൾ ആരെങ്കിലും അമ്പലത്തിൽ പോയാലോ നെറ്റിയിൽ തിലകം ഇട്ടാലോ ഉടൻ അവരിൽ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ല. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന തന്നെ ഇല്ലാതാക്കും.
ബിജെപിക്കെതിരായ പോരാട്ടത്തിൽ ഭൂരിപക്ഷ,- ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പംനിർത്തണമെന്നും കോൺഗ്രസ് സ്ഥാപക ദിനാഘോഷം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു. ആന്റണിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മറ്റു നേതാക്കൾ ചേർന്ന് കേക്ക് മുറിച്ച് അദ്ദേഹത്തിന് ആശംസ അറിയിച്ചു. എം എം ഹസ്സൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.