കഥകളിയുടെ ധിഷണാത്മക താവഴിയിലെ രാജകുമാരൻ മുഴുവനാകാത്ത രംഗജീവിതത്തിന്റെ ബാഹുകപർവ്വം തീവ്രവേദനയോടെ അനുഭവിച്ച് കാലത്തിന്റെ കോപ്പറയിൽ മറഞ്ഞു. സർഗാത്മകമായ വാശിയോടെ നേടിയെടുത്ത അരങ്ങ് തന്നിൽ നിന്ന് അകന്നകന്നുപോകുന്നത് തീവ്രമായ ദുഃഖത്തോടെ അനുഭവിച്ചറിയേണ്ടിവന്ന കലാമണ്ഡലം വാസുപ്പിഷാരടിയെ ഓർക്കുന്നു.
ദിക്കും പക്കുമറിയാതെ കാട്ടിലലഞ്ഞ് കാട്ടുതീയിൽ പെട്ട കാർക്കോടകനെ രക്ഷിച്ചശേഷം സർപ്പദംശനമേറ്റ് ബാഹുകനായിത്തീർന്ന നളൻ പൊടുന്നനെ തിരശ്ശീല മറവിൽനിന്ന് അരങ്ങിൽ പ്രത്യക്ഷനായി. രൂപം വേറൊന്നായിത്തീർന്ന ബാഹുകൻ എല്ലാമറിഞ്ഞപ്പോൾ ഒരു ചോദ്യം ചോദിച്ചു എന്നെനിക്കുണ്ടാകും യോഗം? വാസുപ്പിഷാരടിയുടെ ബാഹുകൻ ആ ചോദ്യത്തിനു മുമ്പ് അരങ്ങിനും സദസ്സിനുമപ്പുറത്തേക്കുള്ള അനന്തതയിലേക്ക് വിചാരസാന്ദ്രമായ കണ്ണുകളാൽ ഒന്നു നോക്കും.
നഷ്ടവസന്തങ്ങളിലേക്ക് നോവിന്റെ പക്ഷികൾ ചിറകടിച്ചു പറക്കുന്നത് ആ കണ്ണുകളിൽ മിന്നിമറയും. ഒരു തപ്തമായ നെടുവീർപ്പിൽ നൈഷധീയത്തിന്റെ ശോകസമുദ്രം തിരയടിക്കും. പിന്നെ തിരിഞ്ഞ്, മുദ്ര പൂർത്തിയാക്കും.
ബാഹുകന് പൂർവരൂപം ലഭിക്കാൻ കാർക്കോടകൻ ദിവ്യവസ്ത്രം നൽകി. ദേവതകൾ അവന്റെ കലിബാധയൊഴിയാൻ അനുഗ്രഹം വർഷിച്ചു.
പക്ഷേ വാസുപ്പിഷാരടിക്ക് ആ ഭാഗ്യമുണ്ടായില്ല. കഥകളിയുടെ ധിഷണാത്മക താവഴിയിലെ രാജകുമാരൻ മുഴുവനാകാത്ത രംഗജീവിതത്തിന്റെ ബാഹുകപർവം തീവ്രവേദനയോടെ അനുഭവിച്ച് കാലത്തിന്റെ കോപ്പറയിൽ മറഞ്ഞു. കലാമണ്ഡലം വാസുപ്പിഷാരടി വസന്തത്തിൽ നിന്ന് ശിശിരത്തിലേക്കും പൊളളുന്ന ഗ്രീഷ്മത്തിലേക്കും സഞ്ചരിച്ച് അവസാനിച്ചു.
അരങ്ങ് വാസുപ്പിഷാരടിക്ക് ഒടുങ്ങാത്ത മോഹമായിരുന്നു. അറുപതു വയസ്സ് കഥകളി നടന്റെ നല്ല പ്രായമാണ്. ആദ്യവസാനവേഷങ്ങൾ അരങ്ങുവാഴേണ്ട കാലം. അപ്പോഴേക്കും വാസുപ്പിഷാരടി രോഗബാധിതനായി. ആദ്യമൊരിക്കൽ ഹൃദ്രോഗം, പിന്നെ കാലുകൾ. കഥകളിനടന്റെ മെയ്യ് അവനെ ചതിക്കുന്ന നിമിഷം അരങ്ങ് കൈവിട്ടു പോകും.
വാസുപ്പിഷാരടിയുടെ കാൽമുട്ടുകളിൽ ശസ്ത്രക്രിയ നടക്കുന്നു എന്ന് കേൾക്കുമ്പോഴും കഥകളിപ്രേമികൾ അതു സാരമാക്കിയില്ല. ‘ഹേയ്, ഇതൊക്കെ കുറച്ചു ദിവസം , ഷാരടിവാസു വരും ന്നേ’ മുതിർന്ന ഗ്രഹിതക്കാർ ആവർത്തിച്ചു പറഞ്ഞു.
പക്ഷേ വിധിദുശ്ശീലം മറ്റൊന്നു വിധിച്ചിരുന്നു. പിന്നീടൊരിക്കലും പഴയ സമുജ്വലശോഭയോടെ വാസുപ്പിഷാരടി അരങ്ങു കണ്ടില്ല. വീണ്ടും വീണ്ടും രോഗത്തെ വെല്ലുവിളിച്ചു കൊണ്ട് വാസുപ്പിഷാരടിയും ഒപ്പമുള്ളവരും പരിശ്രമിച്ചു. തോറ്റുകൊടുക്കാൻ ഷാരടിവാസുവിന് മനസ്സില്ലായിരുന്നു. തന്റെ ഗംഭീരവേഷമായ ഉദ്ഭവം രാവണനെപ്പോലെ വീണ്ടും വീണ്ടും മനസ്സും ശരീരവും കൊണ്ട് പിടിച്ചു കയറാൻ അദ്ദേഹം ശ്രമിച്ചു.
പല ഡോക്ടർമാർ. പല ചികിത്സകൾ. പിന്നെയും അരങ്ങിലെത്തി ചെയ്ത ചില വേഷങ്ങൾ. അവയെല്ലാം പഴയ വാസുപ്പിഷാരടിയുടെ നിഴൽ മാത്രമായിരുന്നു. എന്നിട്ടും ഒരുനാൾ വരും എന്ന് ആശിച്ച നിമിഷങ്ങൾ. എല്ലാം അവസാനിച്ചു. മുന്നേപ്പോലെ കഥകളിയുടെ മന്ദിരത്തിൽ ചെന്നു വാഴാൻ ഭാഗ്യമില്ലാതെ അനന്യമായ ആ ബാഹുകൻ മാഞ്ഞുപോയി.
ഔചിത്യത്തിന്റെ ഒറ്റയടിപ്പാത
ആധുനികതയുടെ പ്രമേയവും പ്രകാരവും കലയിൽ രൂപപ്പെട്ട ഇരുപതാം നൂറ്റാണ്ടിൽ കഥകളിയരങ്ങ് അവതരണത്തിന്റെ സ്ഥലവും സമയവും മുതൽ ആവിഷ്‌കരണം വരെ ആമൂലാഗ്രം രൂപാന്തരീകരണത്തിനു വിധേയമായി. കല്ലുവഴി സമ്പ്രദായം എന്ന ആധുനിക കഥകളിയുടെ ബലിഷ്ഠ പാരമ്പര്യത്തിലെ പരമാചാര്യനായ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ ചെയ്ത പ്രധാനദൗത്യങ്ങളിലൊന്ന് കഥാപാത്രത്തിന്റെ സ്ഥായീഭാവത്തിലുള്ള ജാഗ്രതയിലൂന്നിയ രംഗപരിഷ്കരണമായിരുന്നു.
കോട്ടയം കഥകളെപ്പോലെ ചിട്ടപ്പെട്ട കഥകളിൽ ആഴത്തിൽ പ്രവർത്തിച്ച ഈ ശൈലീകരണ പ്രക്രിയയെ അവിടെ നിന്ന് മുന്നോട്ടു കൊണ്ടുപോകേണ്ട ചുമതല ഏറ്റെടുത്ത ശിഷ്യരിൽ ഏറ്റവും പ്രധാനിയായിരുന്നു പദ്മശ്രീ വാഴേങ്കട കുഞ്ചുനായർ.
പട്ടിക്കാംതൊടി രാവുണ്ണിമേനോൻ
കോട്ടയം കഥകളിലും സമാനമായ ബലിഷ്ഠസങ്കേതമുള്ള പ്രതിനായക കഥകളിലും പട്ടിക്കാംതൊടി രാവുണ്ണിമേനോൻ പ്രസരിപ്പിച്ച ശൈലീകരണത്തെയും രസ വിചാരത്തെയും നളചരിതം പോലുള്ള കഥകളിലേക്ക് കൂടി സംക്രമിപ്പിച്ചതിൽ ഏറ്റവും പ്രധാനപങ്ക് വഹിച്ചത് വാഴേങ്കട കുഞ്ചു നായർ ആണ്.
പട്ടിക്കാംതൊടിയിൽ നിന്നു ലഭിച്ച അനുപമമായ കഥകളി ശിക്ഷണത്തിനു പുറമേ സ്വപ്രയത്നത്താൻ നേടിയെടുത്ത വിപുലമായൊരു ജ്ഞാനമണ്ഡലം കുഞ്ചുനായർക്കുണ്ടായിരുന്നു. മനീഷികളിൽ കഥകളിക്കാരനും കഥകളിക്കാരിൽ മനീഷിയുമായ വാഴേങ്കട കുഞ്ചു നായരുടെ മാർഗം ഔചിത്യചിന്തയിൽ അടിയുറച്ചതാണ്.
‘അനൗചിത്യാദൃതേ നാന്യത് രസഭംഗസ്യ കാരണം’ എന്ന ധ്വന്യാലോകകാരന്റെ ദർശനം കഥകളിയരങ്ങിൽ പകർത്തിയ കഥകളിയാചാര്യൻ കുഞ്ചുനായരാണ്. അന്നത്തെ മലയാള സാഹിത്യമണ്ഡലത്തിലെ പ്രതാപികളെപ്പോലും വിമർശിക്കാൻ തക്കവണ്ണം തീക്ഷ്‌ണമായ ആ ഉഗ്രധിഷണയുടെ കളരിയിലാണ് കലാമണ്ഡലം വാസുപ്പിഷാരടി ചൊല്ലിയാടിയുറച്ചത്.
കഥകളിയിലെ കുഞ്ചു നായർ താവഴിയുടെ ഒസ്യത്ത് പല ശാഖകളായി പിരിഞ്ഞു കിടക്കുന്നു. ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ ജീവിതത്തിന്റെ അനുഭവലോകത്തെ ഭാവോജ്വലമായി അരങ്ങിലെത്തിക്കുന്ന പ്രതിഭയുടെ താവഴി കോട്ടക്കൽ ശിവരാമനുള്ളതായിരുന്നു. അജ്ഞാതമായ പുരാണേതിഹാസ കഥനങ്ങളുടെ ആഴങ്ങളിൽ മുങ്ങിത്തപ്പി നിധികൾ കൊണ്ടുവരുന്ന താവഴി നെല്ലിയോടിന്റേതായിരുന്നു.
കളരിയുടെ കണിശതയും കൃത്യതയും വാഴേങ്കട വിജയനു ലഭിച്ച മാർഗമായിരുന്നു. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി കുഞ്ചുനായർ ചെയ്തിരുന്ന ആദ്യവസാന നായകവേഷങ്ങളുടെ പിന്തുടർച്ചയായി അരങ്ങു പിടിച്ചെടുത്ത ശിഷ്യൻ കലാമണ്ഡലം വാസുപ്പിഷാരടി മാത്രമായിരിക്കും.
കത്തിവേഷങ്ങളിലും പച്ചവേഷങ്ങളിലും ഒരുപോലെ വാസുപ്പിഷാരടിയുടെ മനവും തനുവും യോജിച്ചു. രുഗ്മാംഗദനും ബാഹുകനും എത്ര ആരാധകരുണ്ടോ അത്രയും തന്നെ ഉദ്ഭവം രാവണനും നരകാസുരനും ആരാധകരുണ്ടാവുക എന്നത് കഥകളിയിൽ അത്യപൂർവമാണ്.
അവയോടൊപ്പമോ അതിലധികമോ സന്താനഗോപാലം ബ്രാഹ്മണനും പരശുരാമനും രണ്ടാംദിവസത്തിലേയും കിരാതത്തിലേയും കാട്ടാളനും വാസുപ്പിഷാരടിയിൽ സുഭദ്രമായിരുന്നു. ഇവയെല്ലാം കെട്ടിയ നടന്മാർ വേറെയുമുണ്ട്. എന്നാൽ ഇവയ്ക്കെല്ലാം തനതായ, മൗലികമായ രംഗഭാഷ നൽകിയ മറ്റൊരാളെ സമകാലികമായി കണ്ടെത്തുക പ്രയാസമായിരിക്കും.
കോങ്ങാടാണ് വാസുപ്പിഷാരടിയുടെ ജന്മദേശം. കോങ്ങാട് തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ കഴകവൃത്തിയുണ്ടായിരുന്ന കുടുംബം. തീരെച്ചെറുപ്പത്തിലേ കഥകളിയരങ്ങുകൾ കാണാൻ വാസു പോയിരുന്നു, അമ്മയ്ക്കുമച്ഛനും കൂടെ. കണ്ടതെല്ലാം തിരിച്ചറിയുന്നതിനു മുമ്പേതന്നെ കഥകളിക്കാരനാവണം എന്ന ആഗ്രഹം മനസ്സിൽ കയറിക്കൂടി. സ്കൂളിലൊരിക്കൽ അവസരം കിട്ടിയപ്പോൾ ഒരു ചെറിയ കഥകളിവേഷം പഠിച്ചു ചെയ്യാനായി.
ദുര്യോധനവധം കൃഷ്ണന്റെ ‘പാർഷതി മമ സഖി’ എന്ന പദം കലാമണ്ഡലം മുരളീധരൻ പഠിപ്പിച്ചു. അതോടെ കഥകളി പഠിക്കണം എന്ന ആഗ്രഹം തീയിൽ നെയ്യൊഴിച്ചതുപോലെ ആളിപ്പടർന്നു. താപ്പുണ്ണിനായർ എന്ന അയൽക്കാരനാണ് പിന്നീട് വാസുവിനെ വാഴേങ്കട കുഞ്ചുനായരിലേക്ക് എത്തിക്കുന്നത്.
അന്ന് കോട്ടക്കൽ പി എസ് വി നാട്യസംഘത്തിൽ ആചാര്യനായിരുന്നു
വാഴേങ്കട കുഞ്ചുനായർ
വാഴേങ്കട കുഞ്ചുനായർ. ‘അർണ്ണവത്തിലേക്കല്ലാതെ നിമ്നഗ മറ്റെങ്ങോട്ടൊഴുകാനാണ്’ എന്ന നളചരിതകൽപ്പന പോലെ വാസുപിഷാരടി വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനായി.
കുഞ്ചുനായരുടെ പുത്രനായ വാഴേങ്കട വിജയനും നെല്ലിയോട് വാസുദേവൻ നമ്പൂതിരിയും കോട്ടക്കൽ ശിവരാമനുമെല്ലാമായിരുന്നു സഹപാഠികൾ. ഇവരെല്ലാം തന്നെ തുടർന്ന് കഥകളിയുടെ കനകക്കണ്ണികളായി മാറുകയും ചെയ്തു.
മൂന്നുവർഷത്തോളം നീണ്ട കോട്ടക്കലിലെ പഠനകാലത്തിൽ കുട്ടിത്തരം, ഇടത്തരം വേഷങ്ങളെല്ലാം ചൊല്ലിയാടിയുറയ്‌ക്കുകയും ‘പരിതപിക്കരുതേ’ എന്ന കൃഷ്ണപദത്തിൽ അരങ്ങേറ്റം നടക്കുകയും ചെയ്തു. അപ്പോഴാണ് വാഴേങ്കട കുഞ്ചുനായരെ കലാമണ്ഡലം വിളിക്കുന്നത്.
കുഞ്ചുനായർ ഒറ്റക്കല്ല കലാമണ്ഡലത്തിലേക്ക് പോയത്, ശിഷ്യരായ വാഴേങ്കട വിജയനും വാസുപ്പിഷാരടിയും ഒന്നിച്ചാണ്. തുടർന്നുള്ള ദീർഘവർഷങ്ങൾ കലാമണ്ഡലത്തിന്റെ കളരിയിലാണ് വാസുപ്പിഷാരടി ആദ്യവസാനവേഷങ്ങളെല്ലാം ചൊല്ലിയാടിയുറച്ചത്. ഏതാണ്ട് പൂർണമായും തന്നെ വാഴേങ്കട കുഞ്ചുനായരുടെ ആശായ്മയിലായിരുന്നു ശിക്ഷണം.
അപൂർവമായി ആശാനില്ലാത്തപ്പോൾ കലാമണ്ഡലം രാമൻകുട്ടിനായരാശാനും ചൊല്ലിയാടിച്ചിട്ടുണ്ട് എന്നു വാസുപ്പിഷാരടി ഓർമിക്കുമായിരുന്നു. കേന്ദ്ര സ്‌കോളർഷിപ്പ് പഠനമടക്കം പതിനൊന്ന് വർഷം വാസുപ്പിഷരടിയുടെ അഭ്യസനകാലമാണ്. അന്നുതന്നെ നിരവധി വേഷങ്ങളും ചെയ്തിട്ടുണ്ട്.
ചൊല്ലിയാട്ടം: വാസുപ്പിഷാരടിയുടെ ആദ്യകാല ചിത്രം
കലാമണ്ഡലം ഗോപിയുടെ നേതൃത്വത്തിൽ മൈനർ സെറ്റ് കഥകളികൾ കലാമണ്ഡലം ഏറ്റെടുത്ത് നടത്തുന്ന കാലം. മൈനർ സെറ്റിൽ പല നല്ല വേഷവും കെട്ടി പഴക്കംവന്ന നാളുകൾ. അതിനുശേഷം കലാമണ്ഡലത്തിലെ പഠനം പൂർത്തിയാക്കിയിറങ്ങിയ അക്കാലത്തെ ഏതു കലാകാരനേയും പോലെ ഇനിയെന്ത് എന്നറിയാത്ത അനിശ്ചിതത്വത്തിന്റെ കാലം. പലതവണയായി വർഷങ്ങളോളം കലാമണ്ഡലത്തിൽ താൽക്കാലികാധ്യാപകനായി ജോലിനോക്കി.
അവസാനം 1979ൽ കലാമണ്ഡലത്തിൽ സ്ഥിരാധ്യാപകനായി നിയമിതനായി. പിന്നീട് ഇരുപത് വർഷം നീണ്ട കലാമണ്ഡലത്തിലെ അധ്യാപനവൃത്തിക്കു ശേഷം 1999ൽ വിരമിച്ചു.
ഏതാണ്ട് അതിനുശേഷം വൈകാതെ തന്നെ അസുഖബാധിതനായിത്തുടങ്ങുകയും കഥകളിയരങ്ങിലെ നിറനിലാവാകേണ്ട കാലത്ത് അസ്വസ്ഥമായ അമാവാസിയിലേക്ക് പ്രവേശിക്കുകയും ചെയ്തു.
വാഴേങ്കട കുഞ്ചുനായർ കഥകളിയിൽ അനുവർത്തിച്ച സമീപനം അദ്ദേഹത്തിന്റെ വേഷം കണ്ട പഴയ ആസ്വാദകരിൽ നിന്നും കുഞ്ചുനായർ തന്നെ എഴുതിയ കുറിപ്പുകളിൽ നിന്നും വ്യക്തമാണ്.
പുളിങ്ങര കുട്ടികൃഷ്ണൻ മാസ്റ്റർ എന്ന, കുഞ്ചുനായരാശാന്റെ സന്തതസഹചാരിയായിരുന്ന കഥകളിമർമ്മജ്ഞൻ പറയും: ‘കൃഷ്ണൻ നായർ കഥകളിക്കായി ജനിച്ചു, കുഞ്ചുനായർ കഥകളിക്കായി ജീവിച്ചു’.
ഈ വാചകം ആധുനിക കഥകളിയിലെ ഏറ്റവും അർഥഗർഭമായൊരു നിരീക്ഷണമാണ്. സങ്കേതപ്രധാനമായ കോട്ടയം കഥകളിൽ നിന്നും വ്യത്യസ്തമായി നളചരിതത്തിനും പിന്നീട് കർണശപഥത്തിനുമെല്ലാം അരങ്ങുകൾ ഏറിവന്നൊരു കാലമാണ് കഥകളിയുടെ ആധുനികഘട്ടം. ഇതിന് സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ട്.
ജന്മിത്തഘട്ടത്തിലെ സൗന്ദര്യബോധം തന്നെ ആമൂലാഗ്രം പൊളിച്ചെഴുതപ്പെട്ട കാലമായിരുന്നു അത്. രാമനാട്ട കഥകളിലോ കോട്ടയം കഥകളിലോ പ്രതിനായക കഥകളിലോ അധികം കാണാത്ത വ്യക്തിയുടെ ആത്മാലാപനങ്ങൾക്കും പ്രണയത്തിനും ആത്മഗതങ്ങൾക്കുമെല്ലാം കൂടുതൽ ശ്രദ്ധ ലഭിച്ചത് കഥകളിക്ക് പുറത്തുള്ള ലോകക്രമത്തിന്റെ മാറ്റങ്ങൾ കഥകളിയിലും പ്രതിഫലിച്ചതുകൊണ്ടാണ്.
പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പ്രേക്ഷകന് പിതൃനഷ്ടനൈരാശ്യത്താൽ ഏകാന്തനായി വിലപിക്കുന്ന കർണന്റെ ‘എന്തിഹ മന്മാനസേ’ എന്ന രോദനം അസംഗതമായി മാത്രമേ അനുഭവപ്പെടൂ. എന്നാൽ ആധുനികത മുന്നോട്ടുകൊണ്ടുവന്ന മനുഷ്യൻ എന്ന ഏകകവും അവന്റെ വ്യക്തിസത്തയും കഥകളിയുടെ അവതരണത്തിലും പ്രതിഫലിച്ചു.
നളചരിതം രണ്ടാംദിവസമായിരുന്നു ആകെ ആദ്യകാലത്ത് വടക്കോട്ട് പ്രചാരമുണ്ടായിരുന്നതെങ്കിൽ ക്രമേണ നാലുദിവസവും പ്രചാരം നേടി. നളചരിതത്തിലെ ശ്രവണസുഭഗമായ കഥകളിപ്പദങ്ങൾ ചിലപ്പോഴൊക്കെ അതിലും പ്രചാരം നേടി. നീലകണ്ഠൻ നമ്പീശനും ഉണ്ണികൃഷ്ണക്കുറുപ്പുമെല്ലാം താരഗായകരായി മാറി. ഈ കാലത്തിന്റെ അനിവാര്യതകളെ തിരിച്ചറിഞ്ഞുകൊണ്ട് നളചരിതത്തിന്റെ താരതമ്യേന അയഞ്ഞ പ്രമേയപ്രകാരബന്ധത്തെ ഔചിത്യത്തോടെ യോജിപ്പിക്കുന്ന ദൗത്യമാണ് വാഴേങ്കട കുഞ്ചുനായർ നിറവേറ്റിയത്.
ഓരോ അരങ്ങിലും അപ്പപ്പോൾ തോന്നുന്നത് കാണിക്കുകയല്ല, ഒരേ കാര്യങ്ങൾ അവയിൽ അടങ്ങിയ സൗന്ദര്യസാരമെന്ത് എന്നു തിരിച്ചറിയാതെ ആവർത്തിക്കലുമല്ല, ആഴത്തിൽ ആലോചിച്ച് ഔചിത്യദീക്ഷയോടെ മാറ്റങ്ങൾക്ക് തയ്യാറാവുകയും അവയുടെ ശാസ്ത്രീയത ഉറപ്പുവരുത്തുകയും ചെയ്യുക എന്നതായിരുന്നു വാഴേങ്കട കുഞ്ചുനായരുടെ നയം. ഈ മാർഗത്തിലൂടെയാണ് പ്രധാനശിഷ്യനായ വാസുപ്പിഷാരടിയും മുന്നോട്ടുപോയത്. ദുഷ്കരവും അത്ര വേഗം പ്രശംസനീയമല്ലാത്തതുമായ ഔചിത്യചിന്തയുടെ ഒറ്റയടിപ്പാതയിലൂടെ വാസുപ്പിഷാരടി മുന്നോട്ടു സഞ്ചരിച്ചു.
നിയന്ത്രിതാഭിനയത്തിന്റെ അസിധാര
അഭിനയത്തിനെ കാരലീഷ്നീമാൻ രണ്ടായി തരംതിരിക്കുന്നുണ്ട്. പ്രകടിതാഭിനയവും നിയന്ത്രിതാഭിനയവും. ആവിഷ്കരണത്തിന്റെ രണ്ട് അഭിനയതന്ത്രങ്ങളാണവ. എന്താണോ പ്രകാശിപ്പിക്കാനുള്ളത് അത് ഏറ്റവും തീക്ഷ്‌ണവും ശക്തവും വ്യക്തവുമായി പ്രകാശിപ്പിക്കുകയാണ് പ്രകടിതാഭിനയത്തിന്റെ രീതി. കലാമണ്ഡലം ഗോപി ഇക്കാര്യത്തിൽ കഥകളിയിലെ ഉത്തമോദാഹരണമാണ്.
സ്തോഭജനകമായ ഓരോ രംഗങ്ങൾക്കും അവയുടെ നാടകീയതകൾക്കും നാം പ്രതീക്ഷിക്കുന്നതിലുമധികം സൗന്ദര്യപൂർണമായ പ്രകടിതാഭിനയം കാഴ്‌ചവെക്കുന്നതിലാണ് കലാമണ്ഡലം ഗോപിയുടെ അഭിനയശൈലിയുടെ ഊന്നൽ.
കലാമണ്ഡലം രാമൻകുട്ടിനായർക്കും കലാമണ്ഡലം ഗോപിക്കും ഒപ്പം വാസുപ്പിഷാരടി
എന്നാൽ വാസുപ്പിഷാരടിയുടെ അഭിനയരീതി വ്യത്യസ്തമായിരുന്നു. നിയന്ത്രിതാഭിനയത്തിലാണ് വാസുപ്പിഷാരടി പ്രധാനമായും ശ്രദ്ധവെച്ചത്. ഉള്ളിലേക്ക് ആഴത്തിൽ ചൂഴ്‌ന്നിറങ്ങുന്ന, കാണിച്ചതിലും കാണിച്ചു കണ്ടതിലും എത്രയോ മടങ്ങ് ആഴമുള്ള ഭാവസമുദ്രത്തിന്റെ തിരമാലകൾ ഉള്ളിൽ സംവഹിക്കുന്ന ഈ അഭിനയശൈലി വാസുപ്പിഷാരടി അദ്ദേഹത്തിന്റെ ഗുരുനാഥനിൽ നിന്ന് സ്വാംശീകരിച്ചതാകണം.
എന്നാൽ നിയന്ത്രിതാഭിനയത്തിന്റെ രീതിശാസ്ത്രത്തെ കഥകളിയുടെ ആവിഷ്കരണപദ്ധതിയോട് ഇണക്കാനും കൃത്യമായി ഉപയുക്തമാക്കാനുമുള്ള അനിതരസാധാരണമായ സൗന്ദര്യബോധം വാസുപ്പിഷാരടിയ്‌ക്കുണ്ടായിരുന്നു. നിയന്ത്രിതാഭിനയം ആധുനികമായ ഭാവപ്രകർഷങ്ങളോട് ആഴമേറിയ സംവേദനക്ഷമതയുള്ളതാണ്.
കടുത്ത ചായക്കൂട്ടുകളും കനത്ത ആഹാര്യവുമുള്ള കഥകളിയിൽ പ്രകടിതാഭിനയത്തിന്റെ സാധ്യതകളെയാണ് പലരും അന്വേഷിച്ചത്. എന്നാൽ വാസുപ്പിഷാരടി വഴിമാറിനടന്നു.
നളചരിതം മൂന്നാംദിവസത്തിലെ ബാഹുകൻ ദമയന്തിയുടെ രണ്ടാം വിവാഹ വാർത്ത കേട്ടശേഷമുള്ള വിചാരപ്പദമായ ‘മറിമാൻ കണ്ണി മൗലിയുടെ’ എന്ന ആത്മാലാപനം വാസുപ്പിഷാരടി അഭിനയിച്ചിരിക്കുമ്പോൾ നിയന്ത്രിതാഭിനയത്തിന്റെ മൂർച്ച നമ്മെ വന്ന് സ്പർശിക്കും. ഇരുന്നഭിനയിക്കുമ്പോഴും കഥകളിയുടെ മുദ്രാഭാഷയാൽ അതിശക്തമായിത്തീരുന്ന ഭാവതലം മറിമാൻ കണ്ണിക്ക് സാധ്യമാണെന്ന് വാസുപ്പിഷാരടി തെളിയിച്ചു.
ധ്വനിസാന്ദ്രമായ കണ്ണുകൾ ഓരോ മുദ്രയോടും ചേരുന്ന വിധം സൂക്ഷ്മമായ അഭിനയപ്രകരണത്തിന്റെ ക്ലാസിക്കൽ ഉദാഹരണമാണ്. ഈ സൂക്ഷ്മമായ നേത്രാഭിനയത്തിന്റെ സൗന്ദര്യം ഓരോ പച്ചവേഷങ്ങളിലും അനേകം അവിസ്മരണീയമുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
ധർമപുത്രർ ആദിത്യദേവനിൽ നിന്ന് അക്ഷയപാത്രം സ്വീകരിച്ചശേഷം മറയുമ്പോൾ ഉദിച്ചുനിൽക്കുന്ന സൂര്യബിംബം മറയുന്നതു മുഴുവനായും കണ്ണിൽ തെളിയുന്നത് അത്രയും നിയന്ത്രിതശോഭയോടെ മറ്റൊരിടത്തും കണ്ടിട്ടില്ല.
വാസുപ്പിഷാരടിയുടെ മാസ്റ്റർപീസ് വേഷങ്ങളിലൊന്നായ സന്താനഗോപാലം ബ്രാഹ്മണന്റെ വിലാപത്തെ അനുപമമാക്കിത്തീർക്കുന്നത് നിയന്ത്രിതമായ കഠിനശോകത്തിന്റെ ഭാരം വഹിക്കുന്ന ആ കണ്ണുകളാണ്. പുത്രരഹിതനായ പുരുഷന് ‘ലോകാന്തരങ്ങളിലും സുഖമില്ല’ എന്ന് അഭിനയിക്കുമ്പോൾ ലോകാന്തരങ്ങളുടെ ശോകസാരംകൊണ്ട് കനംതൂങ്ങിയ കണ്ണുകൾ വാസുപ്പിഷാരടിയിൽ കാണാം.
എന്നാൽ കത്തിവേഷങ്ങളിൽ ഇതേ നിയന്ത്രിതാഭിനയം തന്നെ അസാമാന്യമായ നാടകീയതയ്‌ക്കുള്ള സാമഗ്രിയാക്കി മാറ്റുകയും ചെയ്യാൻ വാസുപ്പിഷാരടിക്കായി. കത്തിവേഷത്തിന്റെ തിരനോക്കിന്
കലാമണ്ഡലം രാമൻകുട്ടിനായർ
കലാമണ്ഡലം രാമൻകുട്ടിനായർ അനുവർത്തിച്ച അസാമാന്യചാരുതയുള്ളൊരു മാർഗമുണ്ട്. മിക്കവാറും തുടർന്നുവന്ന എല്ലാ കത്തിവേഷക്കാരും അതു പിന്തുടർന്നിട്ടുമുണ്ട്. വാസുപ്പിഷാരടിയുടെ കത്തി മാത്രം തിരനോക്കിന് സ്വകീയമായ ഒരു വ്യക്തിത്വം നൽകി.
നിറഞ്ഞ മേളത്തിന്റെ സാധ്യതയെ പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെ തിരനോക്കിൽ അദ്ദേഹം സൂക്ഷ്മമായ കൈയൊപ്പുകൾ ചേർത്തു. വശങ്ങളിലേക്ക് നോക്കുമ്പോൾ ഒരു തവണയ്‌ക്കുശേഷം വീണ്ടുമൊന്നുകൂടി എറിഞ്ഞുനോക്കുന്ന രീതി, താഴ്‌ന്ന് പൊങ്ങുന്ന അവസാനത്തെ ഉയർച്ചയിൽ മേലാപ്പിൽ ചെന്നു കിരീടത്തിന്റെ നാരായം മുട്ടുംവിധം പെരുവിരലിൽ പൊങ്ങിയുയരുന്ന രീതി എന്നിങ്ങനെ തിരനോക്കിന്റെ നാടകീയതക്ക് പുതിയൊരു ഭാഷ സൃഷ്ടിച്ചു.
കത്തിവേഷത്തിന്റെ കഥകളിത്തമുള്ള നാടകീയതകൾക്ക് വാസുപ്പിഷാരടി സ്വതഃസിദ്ധമായ മാർഗങ്ങൾ അവലംബിച്ചു. ആ അലർച്ച തന്നെ പ്രത്യേകതയുള്ളതാണ്. ആവശ്യമുള്ളപ്പോൾ വേണ്ടത്ര തരിയിട്ടും അല്ലാതെയുമുള്ള നാടകീയമായ അലർച്ചകൾ, സ്വാഭിപ്രായമുള്ള അലർച്ചയുടെ വൈചിത്ര്യങ്ങൾ, ‘ഹഹഹ’ എന്ന പ്രത്യേകമട്ടിലുള്ള ചിരികൾ ഭാവത്തിന്റെ നാദരാജസം വാസുപ്പിഷാരടിയിൽ വിടർന്ന അനേകം വഴികളുണ്ട്.
വാസുപ്പിഷാരടി
ദൂരെനിന്ന് രക്താഭിഷിക്തയായി ഓടിവരുന്ന നക്രതുണ്ഡി എന്ന രാക്ഷസിയെ കണ്ട് ഒരു നിമിഷം സ്തബ്ധനായി നിന്ന്, പെട്ടെന്ന് ക്രോധമിരച്ചു കയറുന്ന അഭിനയത്തിന്റെ ജ്വലിതകാന്തി നരകാസുരവധത്തിലുടനീളം കാണാം. ‘സുധാശനേന്ദ്രാ വാടാ’ എന്ന പോരിനുവിളിപ്പദത്തിൽ ‘മധുമഥനൻ പോരിനു വരികിലും’ എന്നു ചൊല്ലിവട്ടം തട്ടി വട്ടംവെച്ചു കലാശമെടുക്കുമ്പോൾ മുന്നിലേക്ക് വന്ന് ഒന്നു നിന്നശേഷം മേളത്തെ ഒന്നൊതുക്കി, ‘ഛീ’ എന്നു കാണിച്ച് തീപ്പൊരി ചിതറുന്ന കലാശമെടുക്കുന്നതും രാവണോത്ഭവത്തിലെ രാവണൻ ‘സോദരന്മാരേ നന്നിതു’ എന്നു ചൊല്ലിവട്ടം തട്ടുമ്പോഴും സമാനമായി ‘അത്ഭുതം’ എന്നു സൂചികാമുഖമുദ്രയിൽ ഏറ്റിച്ചുരുക്കി അവസാനം ‘ഛീ’ എന്നവസാനിപ്പിച്ചു കലാശമെടുക്കുന്നതുമെല്ലാം കത്തിവേഷത്തിലേക്ക് നാടകീയാഭിനയത്തിന്റെ സൗന്ദര്യത്തെ ഉൾച്ചേർക്കുന്ന ഔചിത്യബോധമാണ് ദർശിക്കാനാവുക.
ക്ലാസിക്കൽ നിയോക്ലാസിക്കൽ ബിംബകൽപ്പനകളോടും അവയുടെ കഥകളിപ്പറ്റിനോടും വാസുപ്പിഷാരടിക്ക് അസാമാന്യമായ ചേർച്ചയുണ്ടായിരുന്നു. അവ നിരന്തരം അദ്ദേഹത്തിന്റെ മനോധർമങ്ങളിൽ കാണാമായിരുന്നു. കാൽപ്പനികതയുടെ അതിവൈകാരികതകളെ തിരസ്കരിച്ചുകൊണ്ട് നിയോ ക്ലാസിക്കൽ ബിംബകൽപ്പനകളുടെ മാർഗത്തിലൂടെയാണ് വാസുപ്പിഷാരടിയുടെ നായകന്മാർ സഞ്ചരിച്ചത്.
മോഹിനിയെ കണ്ട് മോഹമുഗ്ധനായിത്തീരുന്ന രുഗ്മാംഗദൻ ‘ നിന്നെക്കാണാൻ എനിക്ക് ഇന്ദ്രനെപ്പോലെ ആയിരം കണ്ണുകളുണ്ടായിരുന്നെങ്കിൽ’ എന്നാണ് ആടുക. ഇത്തരം കഥകളിയുടെ ഭാഷയോട് ഇണങ്ങുന്ന ആട്ടങ്ങളെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ സിദ്ധി പലയിടങ്ങളിലും കാണാം. കല്യാണസൗഗന്ധികത്തിലെ ഭീമസേനന്റെ വഴിയാത്രയിൽ അദ്ദേഹം കാണുന്ന കാഴ്‌ച ഗന്ധമാദനപർവതത്തിന് ഇരുവശത്തും സൂര്യചന്ദ്രന്മാർ ഒളിച്ചുകളിക്കുന്നതാണ്.
മൂന്നാം ദിവസത്തിലെ ബാഹുകൻ ഋതുപർണരാജധാനിയിൽ എത്തിയ ശേഷം ‘രാജ്യസേവ മനുഷ്യാണാം’ എന്ന പുരുഷാർഥക്കൂത്തിലെ ശ്ലോകം ആടുന്നതു കാണാം. നാലാം ദിവസത്തിലെ ബാഹുകൻ ‘സ്ത്രീണാം ച ചിത്തം’ എന്ന ശ്ലോകത്തിന്റെ ആശയം ആവിഷ്കരിക്കുന്നു. ഒരു ശ്ലോകവും കേവലം ആ ശ്ളോകമായിട്ടല്ല, കഥാപാത്രത്തിലേക്ക് ഉൾച്ചേരുന്ന ആശയമായിട്ടാണ് വാസുപ്പിഷാരടി ആവിഷ്കരിക്കുക.
‘ ഈ കാട് ഇരുട്ടിന്റെ പാത്രം പോലെയായിരിക്കുന്നു’ എന്ന് സൗഗന്ധികം ഭീമനും ‘ ദുഖത്തിന്റെ പാത്രമായിരിക്കുന്ന സീതയുടെ സ്മരണയാൽ തന്നെ’ എന്ന് അഴകിയ രാവണനും ചെയ്യുമ്പോൾ അവ കേവലമായ ശ്ലോകാഭിനയങ്ങളായിട്ടല്ല, സ്വാഭാവികമായി ആ കഥാപാത്രം പറയുന്നവയാണവ എന്നു തോന്നിപ്പിക്കാനുള്ള അഭിനയശേഷി വാസുപ്പിഷാരടിയ്‌ക്കുണ്ടായിരുന്നു.
ഊർജവിനിയോഗത്തിന്റെ നാടകതന്ത്രങ്ങൾ
കഥകളിയിലെ ഊർജവിനിയോഗത്തിന് കളരിയെന്ന ആയോധനകലയുമായി അടുത്ത ബന്ധമുണ്ട്. അഭ്യാസത്തിലെ പ്രധാനപ്പെട്ട പല ചുഴിപ്പുകളും മെയ്യുറപ്പടവുകളും കളരിയും കഥകളിയും ഏതാണ്ട് സമാനമാണ്. രാമനാട്ട കാലം മുതൽക്കു തന്നെ ഭടജനങ്ങൾക്ക് ഉന്മേഷം വളർത്തുക എന്ന ലക്ഷ്യംകൂടി കഥകളിയ്‌ക്കുണ്ടായിരുന്നിരിക്കാം. കളരിയുടെ ഈ മെയ്സാധകത്തെ സ്വാംശീകരിക്കുന്ന കഥകളി നടൻ അതിന്റെ പൂരണമായാണ് മിക്കപ്പോഴും അരങ്ങിനേയും കാണുക.
കഥകളിയിലെ ഊർജവിനിയോഗത്തിന് കളരിയെന്ന ആയോധനകലയുമായി അടുത്ത ബന്ധമുണ്ട്. അഭ്യാസത്തിലെ പ്രധാനപ്പെട്ട പല ചുഴിപ്പുകളും മെയ്യുറപ്പടവുകളും കളരിയും കഥകളിയും ഏതാണ്ട് സമാനമാണ്. രാമനാട്ട കാലം മുതൽക്കു തന്നെ ഭടജനങ്ങൾക്ക് ഉന്മേഷം വളർത്തുക എന്ന ലക്ഷ്യംകൂടി കഥകളിയ്‌ക്കുണ്ടായിരുന്നിരിക്കാം. കളരിയുടെ ഈ മെയ്സാധകത്തെ സ്വാംശീകരിക്കുന്ന കഥകളി നടൻ അതിന്റെ പൂരണമായാണ് മിക്കപ്പോഴും അരങ്ങിനേയും കാണുക.
അതിനാൽതന്നെ ‘നല്ല പ്രവൃത്തിയായിരുന്നു’ എന്നതായിരുന്നു പഴയ നല്ല കഥകളിക്കാരന്റെ മാനദണ്ഡം. പട്ടിക്കാംതൊടി രാവുണ്ണിമേനോൻ കടുത്ത അഭ്യാസബലം വേണ്ട നരാകാസുരനെന്ന കഥകളിവേഷത്തെ വിളിച്ചിരുന്നതു തന്നെ ‘കൂറ്റന്മൂരി’ എന്നായിരുന്നത്രേ. അത്രയും ശാരീരികാധ്വാനം വേണ്ട വേഷം എന്നതായിരിക്കണം അദ്ദേഹം ഉദ്ദേശിച്ചത്. ‘നന്നായി പണിയെടുക്കണം’ എന്നത് കഥകളിക്കാർക്കിടയിൽ ഒരു ശൈലിയും അലിഖിതനിയമവുമായി തുടർന്നു വന്നതാണ്.
കലാമണ്ഡലം വാസുപ്പിഷാരടി അരങ്ങിൽ അത്തരം അഭ്യാസക്കാഴ്‌ചകൾക്ക് മുതിർന്നതേയില്ല. അദ്ദേഹത്തിന്റെ മാർഗം വ്യത്യസ്തമായിരുന്നു. കൃത്യമായി കൈക്കുകൂടുന്ന ചെണ്ടക്കാരനാണെങ്കിൽ ഈ ശൈലീവ്യത്യാസം കണ്ടറിഞ്ഞു പ്രവർത്തിക്കും. അമിതമായ പാദചലനവേഗമോ ചുഴിപ്പോ തിരസ്‌കരിച്ച്, മേളക്കാർക്ക് അനുഗുണമാവുന്ന രീതിയിലുള്ള ഒരു ആട്ടപ്രകാരം വാസുപിഷാരടി നിർമിച്ചെടുത്തിരുന്നു.
ക്രോധംകൊണ്ട് ജ്വലിക്കുന്ന പരശുരാമൻ തുടർച്ചയായി എടുത്ത വട്ടംവെച്ചുകലാശങ്ങൾക്ക് ശേഷവും തരിമ്പും തളർച്ചയില്ലാതെ നിന്നിരുന്നത് ആ ശരീരത്തിന്റെ അമിതാരോഗ്യം കൊണ്ടല്ല, എങ്ങനെ ഊർജത്തെ നിയന്ത്രിച്ചും വ്യക്തതയോടെയും പ്രയോഗിക്കണമെന്ന നാടകബോധ്യം കൊണ്ടാണ്.
അവസാനത്തെ പൊരിചിതറുന്ന നാലാമിരട്ടി പൂർത്തീകരിച്ചശേഷം തരിമ്പും ഇളക്കമില്ലാതെ അരങ്ങിലേക്ക് പോയ അതേമട്ടിൽ തിരിച്ചെത്തുന്ന വാസുവാശാന്റെ നരകാസുരൻ കഥകളിക്കാർക്ക് അസൂയ ജനിപ്പിക്കുന്നതായിരുന്നു. അതു സാധിച്ചതിന്റെ കാരണം ഊർജവിനിയോഗത്തിലെ ആധുനികധാരണയാണ്.
അമിതമായ ശരീരാധ്വാനമല്ല, അനുഭവമാണ് കല എന്ന് വാസുപിഷാരടിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. അനുഭവമില്ലാത്ത അധ്വാനം കലാരഹിതമാണെന്നും മനസ്സിലാക്കിയിരുന്നു. ഇന്നും എല്ലാ കഥകളിപ്രയോക്താക്കൾക്കും തിരിച്ചറിയാനാവാത്ത കലാരഹസ്യമാണത്.
തൗര്യത്രികമാണ് കഥകളിയുടെ സൗന്ദര്യസാരം. കൃത്യം സ്ഥാനത്ത് പൂർത്തീകരിക്കപ്പെടുന്ന ഒരു മുദ്രയിൽ കൃത്യം കൈക്കുകൂടുന്ന ചെണ്ടയുടെ നേർകോലിനു നൽകാവുന്ന ഭംഗി വ്യർഥമായ ബലപ്രയോഗം കൊണ്ട് സാധിച്ചെടുക്കാനാവില്ല.
വാക്കും മുദ്രയും കൃത്യമായി ഒന്നിച്ചുവരുന്ന ചാരുതക്ക് മറ്റൊന്നും പകരമാവില്ല. ഈ ധാരണകളുടെ ഏറ്റവും കൃത്യതയാർന്ന തെളിവായിരുന്നു കലാമണ്ഡലം വാസുപിഷാരടിയുടെ അരങ്ങുകൾ.
ഭഗ്നനൈഷധത്തിന്റെ ധനാശി
അസുഖമോ മറ്റെന്തെങ്കിലും ദൗർഭാഗ്യമായ അനുഭവങ്ങളോ കാരണം അരങ്ങിൽനിന്ന് പിന്മടങ്ങേണ്ടി വന്ന കലാകാരന്മാർ അനവധിയാണ്. പക്ഷേ വാസുപിഷാരടിയെപ്പോലെ എന്നും അരങ്ങിലേക്ക് തിരിച്ചുവരണമെന്ന തീവ്രമോഹവുമായി എന്നും ജീവിച്ച കലാകാരന്മാർ അധികമുണ്ടാവില്ല. പലരും പിന്നെപ്പിന്നെ ആ മോഹമവസാനിപ്പിക്കും.
പലർക്കും വിരക്തി തോന്നും. വാസുപിഷാരടിക്ക് രണ്ടും ഉണ്ടായിരുന്നില്ല. അരങ്ങിലില്ലെങ്കിലും എന്നും വാസുപിഷാരടി കഥകളിയിൽ ജീവിച്ചു. കഥകളിയെക്കുറിച്ചു മാത്രം വാചാലനായി. രംഗനൈഷധം എന്ന നളചരിതവ്യാഖ്യാനം എഴുതി. തന്റെ പ്രിയപ്പെട്ട ശിഷ്യരുടെ ഓരോ വളർച്ചയിലും ശ്രദ്ധവെച്ചു.
അവർക്കു ലഭിക്കുന്ന അംഗീകാരങ്ങളിൽ ആനന്ദിച്ചു. ആവശ്യമായ ഉപദേശങ്ങൾ നൽകി. വീണ്ടും അരങ്ങിലെത്താനായി മനുഷ്യസാധ്യമായതും അതിലപ്പുറവും തീവ്രമായി ശ്രമിച്ചു. അരങ്ങ് വാസുവാശാന്റെ ഒടുങ്ങാത്ത തൃഷ്ണയായിരുന്നു.
എന്താണിനി ആഗ്രഹം എന്നു ചോദിച്ചാൽ എന്നും ‘ആഗ്രഹം ഇനീം വേഷം കെട്ടി നടക്കണം ന്ന് തന്ന്യാ, നിവൃത്തിണ്ടാവോന്നറീല്യ’ എന്നു ദുഃഖഭരിതമായി ചിരിച്ചു. പിന്നെയും പിന്നെയും പലമട്ടിൽ തന്നെച്ചതിച്ച ശരീരത്തോട് പോരാട്ടത്തിലേർപ്പെട്ടു. രാവണനായും ബാഹുകനായും കുചേലനായുമെല്ലാം പിന്നെയും അരങ്ങിലെത്തി.
അണിയറയിൽ മടങ്ങിവന്ന ശേഷം അരങ്ങിൽ തന്റെ പ്രതീക്ഷക്കൊത്തു ചലിക്കാത്ത കാലിനെ മറുകാൽ കൊണ്ട് അമർഷത്തോടെ ചവിട്ടി.
സർഗാത്മകമായ വാശിയോടെ നേടിയെടുത്ത അരങ്ങ് തന്നിൽ നിന്ന് അകന്നകന്നുപോകുന്നത് തീവ്രമായ ദുഃഖത്തോടെ അനുഭവിച്ചു. ഭഗ്നമായ നൈഷധജന്മമായിരുന്നു കലാമണ്ഡലം വാസുപ്പിഷാരടി.
‘ ഭൂപാലൻ ഭുഗഗേന്ദ്രദത്തവസനം ചാർത്തി സ്വമൂർത്തിം വഹൻ’ എന്ന് പലവട്ടം മാറിനുകുറുകേ ഒരു ഒറ്റവസ്ത്രം കെട്ടി സ്വമൂർത്തരൂപത്തെ തിരിച്ചുപിടിച്ച ആ ബാഹുകന് ജീവിതത്തിൽ എത്ര ശ്രമിച്ചിട്ടും ആ കെട്ട് മുറുകിയില്ല. കഥകളിയുടെ ഏറ്റവും വലിയ ദൗർഭാഗ്യമായിരുന്നു ആ ഭഗ്നനൈഷധം.
അവസാന നാളുകളിലൊന്നിലാണ് തന്റെ ഗുരുനാഥന്റെ പേരിലുള്ള വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റിന്റെ സംസ്‌തുതി സമ്മാൻ പുരസ്‌കാരം വാസുപ്പിഷാരടിക്ക് ലഭിച്ചത്. ഇനി മടങ്ങിവരാനാവാത്ത വിധം പരിക്ഷീണമായ ആ മുഖം മറ്റൊരാളെപ്പോലെ തോന്നിച്ചു.
അവിടെ അയൽക്കാരനായ കോട്ടക്കൽ മധുവും ഒപ്പം നെടുമ്പള്ളി രാംമോഹനും ചേർന്നൊരു പദം പാടാൻ കയറിയപ്പോൾ ആശാനോട് ചെന്ന് എന്തു പാടണം എന്നു ചോദിച്ചത്രേ.
വാസുപ്പിഷാരടി പറഞ്ഞത് ‘ത്വൽപ്പാദം ചേരുവോളം പാടിക്കോളൂ’ എന്നായിരുന്നു. പുഷ്‌കരവിലോചന എന്ന ആ സുരുട്ടിപ്പദത്തിന്റെ ആ ഉത്തരാർധം എന്തായിരിക്കും അദ്ദേഹം കൃത്യമായി നിർദ്ദേശിച്ചത്? അറിയില്ല.
‘ത്വൽപ്പാദം ചേരുവോളം അൽപ്പേതരയാം ഭക്തി
അപ്രമേയാ തന്നിടേണം, ഇപ്പോഴഹം യാമി ഗേഹം’
ഇപ്പോൾ യാത്രയായ കഥകളിയുടെ ആത്മതേജസ്സേ, അങ്ങയുടെ എന്നത്തേയും ഭക്തി മറ്റെന്തിനേക്കാളും ഈ കലയോടായിരുന്നു. കലയിൽ ജീവിച്ച് കലയിൽ എരിഞ്ഞടങ്ങിയ കാലമേ, വിട.
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..