തിരുവനന്തപുരം > സോളാർ ലൈംഗിക പീഡന കേസിൽ സിബിഐ റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. താൻ നൽകിയ പരാതികളിൽ ആറിലും തെളിവില്ലെന്ന് കാട്ടിയാണ് സിബിഐ റിപ്പോർട്ട് നൽകിയത്. കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ, കെ സി വേണുഗോപാൽ, എ പി അനിൽകുമാർ, അടൂർ പ്രകാശ്, ഉമ്മൻചാണ്ടി, ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയായിരുന്നു പരാതി.
എ പി അബ്ദുള്ളക്കുട്ടിയെ സംരക്ഷിക്കുന്നതിനാണ് മറ്റുള്ളവരെകൂടി വെള്ളപൂശി റിപ്പോർട്ട് നൽകിയത്. ഇവർക്കെതിരെ തെളിവില്ലെന്നു പറയുന്ന സിബിഐയുടെ അന്തിമ റിപ്പോർട്ട് അംഗീകരിക്കാനാകില്ല. ഇതിനെതിരെ കോടതിയെ സമീപിക്കും. നീതി ലഭിക്കുംവരെ പോരാടും. എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തവർക്കെതിരായ ഹർജി ഹൈക്കോടതിയിൽ നിലവിലുണ്ടെന്നും പരാതിക്കാരി പ്രസ്താവനയിൽ പറഞ്ഞു.