ഫുജൈറ> രോഗ ബാധിതനായി കിടപ്പിലായ കോതമംഗലം സ്വദേശിയെ ഫുജൈറ കൈരളി കൾച്ചറൽ അസോസിയേഷൻ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിച്ചു. സന്ദർശക വിസയിൽ ഫുജൈറയിൽ എത്തിയ പരീദ് അസുഖബാധിതനായി ഫുജൈറ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിൻ്റെ നിസ്സഹായവസ്ഥ ശ്രദ്ധയിൽപ്പെട്ട കൈരളി പ്രവർത്തകർ ആപത്ഘട്ടത്തിൽ അദ്ദേഹത്തിന് കൈതാങ്ങായി മാറി. ആശുപത്രിയിലെ ഡോക്ടർമാരും നഴ്സമാരും വേണ്ട എല്ലാ വിധ പരിചരണവും ചികിത്സയും ഉറപ്പാക്കി.
കൈരളി പ്രവർത്തകരുടെ സാമിപ്യം അദ്ദേഹത്തിന് ആശ്വാസവും സ്വാന്തനവുമായി. ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോകുവാൻ ആവശ്യമായ യാത്രാരേഖകളും വിമാന ടിക്കറ്റും ലഭ്യമാക്കുകയും ഏയർ ഇന്ത്യ വിമാനത്തിൽ വിൽ ചെയർ സൗകര്യത്തോടെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിക്കുകയും ചെയ്തു.
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ലെനിൻ.ജി. കുഴിവേലി, സെക്രട്ടറി അബ്ദുൾ കാദർ എടയൂർ, ഫുജൈറ യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി പ്രദീപ് രാധാകൃഷ്ണൻ , സുജിത്ത് വി.പി., അഷറഫ് പിലാക്കൽ ,പ്രമോദ് എം കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പ്രവാസ ലോകത്ത് എത്തപ്പെടുകയും പല കാരണങ്ങളാൽ ഒറ്റപ്പെട്ടു പോകുകയും ചെയ്യുന്ന അനേകം പ്രവാസികൾക്ക് കൈരളി കൾച്ചറൽ അസോസിയേഷൻ, ഫുജൈറ എന്നും കരുതലായി മാറിയിട്ടുണ്ട്. പരീദിന് ആവിശ്യമായ എല്ലാ സഹായങ്ങളും നൽകിയ ഇന്ത്യൻ കോൺസുലേറ്റിനും ,ഫുജൈറ ആശുപത്രി ജീവനക്കാർക്കും സംഘടനാ പ്രവർത്തകർക്കും കൈരളി ഭാരവാഹികൾ നന്ദി പറഞ്ഞു.