തിരുവനന്തപുരം
1998 മാർച്ച് 20. ദർബാർഹാളിൽ പൊതുദർശനത്തിനുവച്ച ഇ എം എസിന്റെ മൃതദേഹത്തിനരികിൽ നെഞ്ചത്തടിച്ച് നിലവിളിക്കുന്ന തൊഴിലാളി സ്ത്രീ. അടുത്തദിവസം മാധ്യമങ്ങളെല്ലാം പ്രാധാന്യത്തോടെ ഈ ചിത്രം പ്രസിദ്ധീകരിച്ചു. കമ്യൂണിസ്റ്റ് ആചാര്യന് രാജ്യത്തെ നിസ്വവർഗത്തിന്റെ ഹൃദയത്തിലെ സ്ഥാനം എന്തെന്ന് തിരിച്ചറിയാൻ കരിമഠം കോളനിയിലെ പാച്ചിയമ്മയുടെ ഈ ചിത്രംമാത്രം മതിയായിരുന്നു. പാർടിയാണ് എല്ലാമെന്ന് ജീവിതം മുഴുവൻ പ്രചരിപ്പിച്ച അവരുടെ നഗരം ഇപ്പോൾ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ സമ്മേളനത്തിന് വേദിയാകുകയാണ്.
1949ലാണ് പാച്ചിയമ്മ കമ്യൂണിസ്റ്റ് പാർടി അംഗമാകുന്നത്. ഇ എം എസിന്റെ പ്രവർത്തനങ്ങളാണ് പാർടിയിലേക്ക് അടുപ്പിച്ചത്. എ കെ ജിയുടെ നേതൃത്വത്തിലുള്ള മുടവൻമുഗൾ മിച്ചഭൂമി സമരത്തിൽ മുന്നണിപ്പോരാളിയായി. 1957ൽ മുഖ്യമന്ത്രിയായ ഇ എം എസിന് കോട്ടയ്ക്കകത്ത് സ്വീകരണം നൽകാൻ പാച്ചിയമ്മ മുന്നിൽനിന്നു. എ കെ ജി, സി എച്ച്, വി എസ് എന്നിവരും സ്റ്റേജിലുണ്ട്. മുഖ്യമന്ത്രിക്ക് ആദ്യം ഹാരം പാച്ചിയമ്മ വക. ഇ എം എസ് തലസ്ഥാനത്ത് എവിടെ പ്രസംഗിച്ചാലും സ്റ്റേജിന് തൊട്ടുതാഴെ പാച്ചിയുണ്ടാകും. ഏത് ജാഥയുടെ മുന്നിലും. മുദ്രാവാക്യം വിളിച്ച് ആവേശം കൊള്ളിക്കും. എല്ലാ ജാഥയ്ക്കും പോകുമോയെന്ന് ഒരിക്കൽ ഇ എം എസ് ചോദിച്ചു. അതിന് മറുപടി പറഞ്ഞത് എ കെ ജിയാണ്. തിരുവനന്തപുരത്ത് എല്ലാ പാർടി പരിപാടികളിലും പങ്കെടുക്കുന്ന ഏകയാൾ പാച്ചിയാണ്. ആ ആവേശം പാച്ചിയുടെ മൂക്കുത്തിയിലും മാലയുടെ ലോക്കറ്റിലും അരിവാൾ ചുറ്റിക നക്ഷത്രമായി തിളങ്ങിയിരുന്നു. അരിവാൾ ചുറ്റിക അടയാളമുള്ള തോർത്തുമുണ്ടേ തോളിലിടൂ. അതും നിർബന്ധമായിരുന്നു. 2001ൽ അന്തരിച്ചു.