തൃശൂർ
കരുണയുടെയും മാനവികതയുടെയും സന്ദേശമോതി പാപ്പമാർ ആഹ്ലാദച്ചുവടുകൾവച്ചു. ചിറുകുവിരിച്ച മാലാഖക്കുട്ടികളും പാട്ടിനൊപ്പം ആനന്ദനൃത്തമാടി. പൂരനഗരിയെ പാപ്പാനഗരിയാക്കി ബോൺ നത്താലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയും പൗരാവലിയും ചേർന്നൊരുക്കിയ പരിപാടി ഹൃദ്യാനുഭവമായി.മൂന്നര മണിക്കൂറിലേറെ നീണ്ട കാഴ്ചയാണ് ഒരുക്കിയത്. രാത്രി ഷോപ്പിങ് മേള കൂടിയായപ്പോൾ ജനത്തിരക്കേറി.
കുട്ടികളും യുവതീയുവാക്കളുമടങ്ങിയ പാപ്പവേഷധാരികളുടെ ചുവടുവയ്പുകളും കലാ പ്രകടനങ്ങളും വൈവിധ്യക്കാഴ്ചയായി. ചലിക്കുന്ന ക്രിസ്മസ് പുൽക്കൂട് നഗരത്തിന് പുത്തൻ അനുഭവമായി. മുന്നൂറോളം ചെറുപ്പക്കാരാണ് തിരുപ്പിറവിയുടെ ശിൽപ്പങ്ങളടങ്ങിയ കൂറ്റൻ പുൽക്കൂട് ചുമന്ന് നീങ്ങിയത്. നോഹയുടെ പേടകവും അവസാനത്തെ അത്താഴവുമെല്ലാം നിശ്ചല ദൃശ്യങ്ങളായി. തെക്കേ ഗോപുരനട തുറക്കുന്ന കൊമ്പനും പുലികളിയും മയങ്ങുന്ന യൗവനവും വിഷയമായി. ബൈക്ക് റാലിയും കുട്ടിപാപ്പമാരുടെ റോളർ സ്കേറ്റിങ്ങുമുണ്ടായി. ഭിന്നശേഷിക്കാരും അണിനിരന്നു. തൃശൂർ സെന്റ് തോമസ് കോളേജിൽ കേന്ദ്ര മന്ത്രി ജോൺ ബെർല ഫ്ളാഗ് ഓഫ് ചെയ്തു. മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായി. മേയർ എം കെ വർഗീസ് , മന്ത്രി കെ രാജൻ മുഖ്യാതിഥികളായി.