കോതമംഗലം
ക്രിസ്മസ്, പുതുവത്സര തിരക്ക് മുതലാക്കി വിമാനക്കമ്പനികൾ പ്രവാസികളെ കൊള്ളയടിക്കുന്നു. കോവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ സർവീസുകൾ നവംബറിൽ ആരംഭിച്ചതായി വ്യോമയാനവകുപ്പ് അവകാശപ്പെടുമ്പോഴാണ് നാലിരട്ടിവരെ ടിക്കറ്റ് നിരക്ക് ഉയർത്തി പ്രവാസികളെ പിഴിയുന്നത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രശ്നത്തിൽ ഇടപെടാതെ ഒത്തുകളിക്കുന്നതായി ആക്ഷേപം ഉയർന്നു.
മലയാളികൾ കൂടുതലായി യാത്ര ചെയ്യുന്ന ദുബായ്–- – കൊച്ചി സെക്ടറിലെ യാത്രാനിരക്ക് ഡിസംബർ 10 മുതൽ ദിവസവും ഉയരുകയാണ്. ചൊവ്വവരെയുള്ള നിരക്കുപ്രകാരം ദുബായ്––കൊച്ചി യാത്രയ്ക്ക് ഗൾഫ് എയർ, സൗദി എയർ, ഖത്തർ എയർലൈൻസ്, ഒമാൻ എയർവെയ്സ്, കുവൈറ്റ് എയർവെയ്സ് എന്നിവയ്ക്ക് നവംമ്പറിൽ 16,000 രൂപമുതൽ 18,000 രൂപവരെയായിരുന്നു നിരക്ക്. ഡിസംബറിൽ 40,000 രൂപവരെയായി ഉയർന്നു. സ്പൈസ് ജെറ്റ് ഡിസംബർ 10 മുതൽ 19,800 മുതൽ 29,000 രൂപവരെയായും നിരക്ക് ഉയർത്തി. നവംബറിൽ 10,000 മുതൽ 12,000 രൂപവരെയായിരുന്നു. എയർ ഇന്ത്യ ദുബായ് സെക്ടറിൽ നവംബറിൽ 10,000 മുതൽ 13,000 രൂപവരെയാണ് ഈടാക്കിയത്.
ഡിസംബറിൽ 22,000 മുതൽ 31,000 രൂപവരെയായി. ഇൻഡിഗോ നവംബറിൽ ദുബായ് സർവീസിന് 10,000 മുതൽ 14,000 രൂപവരെയാണ് ഈടാക്കിയത്. ഡിസംബറിൽ 24,000 മുതൽ 33,000 രൂപവരെയായി ഉയർന്നു. ഗൾഫ് മേഖലയിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് നവംബറിലെ 15,000ത്തിൽനിന്ന് 40,000 രൂപവരെയുമാക്കി. എയർ ഇന്ത്യ എക്സ്പ്രസും മലയാളികളെ കൊള്ളയടിക്കുന്നു. നവംബറിൽ 10,000 വരെയായിരുന്ന നിരക്ക് 25,000 രൂപയാക്കി. ഒമാൻ, ദോഹ, ജിദ്ദ, ഷാർജ എന്നിവിടങ്ങളിൽനിന്നുള്ള സർവീസുകൾക്കും സിംഗപ്പൂർ, കോലാലംപൂർ, ലണ്ടൻ സർവീസുകൾക്കും നാലിരട്ടിവരെ നിരക്കുയർത്തി.
വിമാനക്കമ്പനികളുടെ കൊള്ള തടയാൻ ഇടപെടേണ്ട ഡിജിസിഎയുടെ കീഴിലുള്ള റഗുലേറ്ററി കമ്മിറ്റി ടിക്കറ്റ് നിരക്ക് ഏകീകരിക്കുന്നില്ല. ഇതിനുപിന്നിൽ വിമാനക്കമ്പനികളുടെ സ്വാധീനമുണ്ടെന്ന് കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി സി ഇ നാസർ ആരോപിച്ചു.