കണ്ണൂർ
ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന് ഞായറാഴ്ച കലക്ടറേറ്റ് മൈതാനിയിൽ തുടക്കമാകും. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മൂവായിരത്തോളംപേർ മൂന്നുദിവസത്തെ കോൺഗ്രസിൽ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ഡോ. വി ശിവദാസൻ എംപിയും അക്കാദമിക് ചെയർമാൻകൂടിയായ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ ജില്ലയിൽ പുതുതായി രൂപീകരിച്ച 100 ലൈബ്രറികളുടെ ഉദ്ഘാടന പ്രഖ്യാപനം–- നൂറുവസന്തം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. മുൻമന്ത്രി എം വി ഗോവിന്ദൻ, പ്രമുഖ മാധ്യമപ്രവർത്തകൻ എൻ റാം ഉൾപ്പെടെയുള്ളവരും ഉദ്ഘാടനസെഷനിൽ പങ്കെടുക്കും. വൈകിട്ട് സാംസ്കാരിക സമ്മേളനത്തിൽ എംപിമാരായ എൽ ഹനുമന്തയ, അബ്ദുൾ വഹാബ് എന്നിവരും പ്രബീർ പുർക്കായസ്ഥ, ഇ പി ജയരാജൻ, കൈതപ്രം ദാമോദരൻ എന്നിവരും മുഖ്യാതിഥികളാകും. തുടർന്ന് ഭാരത് ഭവന്റെ നൃത്തസംഗീത പരിപാടി.
ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായുള്ള പ്രദർശനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കലക്ടറേറ്റ് മൈതാനിയിൽ ക്യൂബൻ അംബാസഡർ അലാഹാൻത്രോ സിമാൻകസ് മാറിൻ ഉദ്ഘാടനംചെയ്യും. രാജ്യത്തെ പ്രഗത്ഭചിത്രകാരന്മാരുടെ സൃഷ്ടികൾക്കുപുറമെ നവോത്ഥാന എഴുത്തുകാരുടെ പോർട്രെയിറ്റുകളും ശിൽപ്പങ്ങളും പ്രദർശനത്തിലുണ്ടാകും.
വ്യാഴാഴ്ച രാവിലെ 10.30ന് കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് സംസ്ഥാനതല ക്വിസ് മത്സരവും പകൽ രണ്ടിന് ലൈബ്രേറിയന്മാരുടെ സംഗമവും ഉണ്ടാകും. വൈകിട്ട് അഞ്ചിന് സാംസ്കാരിക സദസ്സ് റവന്യുമന്ത്രി കെ രാജൻ ഉദ്ഘാടനംചെയ്യും. വെള്ളിയാഴ്ച രാവിലെ 10ന് കുടുംബശ്രീ പ്രവർത്തകരുടെ സംഗമം. വൈകിട്ട് അഞ്ചിന് സാംസ്കാരികസദസ്സ് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്യും.
ശനി രാവിലെ 10ന് വിദ്യാർഥി പ്രതിഭകളുടെ ഒത്തുചേരലും വൈകിട്ട് നാലിന് കലാസാഹിത്യകാര കൂട്ടായ്മയും നടക്കും. കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാര ജേതാവ് സു വെങ്കിടേശൻ ഉദ്ഘാടനംചെയ്യും. ലക്ഷദ്വീപിലെ ഗായിക സുമംഗല ദാമോദരന്റെ നേതൃത്വത്തിൽ പാട്ടുകളും അരങ്ങേറും. ജനറൽ കൺവീനർ ടി കെ ഗോവിന്ദൻ, പി കെ വിജയൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.