കൊച്ചി
പട്ടികജാതി പെൺകുട്ടികൾക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വാത്സല്യനിധി പദ്ധതിക്ക് ഇൻഷുറൻസും സ്കോളർഷിപ്പും അനുവദിക്കാതെ എൽഐസി. കേന്ദ്രസർക്കാർ നയങ്ങളാണ് ഇതിന് കാരണം. ഇക്കാരണത്താൽ പദ്ധതിയിൽ നിന്ന് എൽഐസിയെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. 2017–-18 സാമ്പത്തികവർഷത്തിലാണ് പദ്ധതി രൂപീകരിച്ചത്.
2022 ഒക്ടോബർ 31 വരെ 14,259 പേർ അംഗങ്ങളായി. പട്ടികജാതി വികസനവകുപ്പ് 1,38,000 രൂപ നാല് ഗഡുക്കളായി എൽഐസിയിൽ നിക്ഷേപിക്കും. കുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ എൽഐസി മൂന്നുലക്ഷം രൂപ നൽകണമെന്നായിരുന്നു വ്യവസ്ഥ. ഒപ്പം കുടുംബത്തിലെ വരുമാനദായകന്റെ സാധാരണ മരണത്തിന് രണ്ടുലക്ഷവും, അപകട മരണത്തിന് നാലുലക്ഷം, അപകടംമൂലമുള്ള ഭാഗിക അംഗവൈകല്യത്തിന് ഒരുലക്ഷം, പൂർണമായ അംഗവൈകല്യത്തിന് രണ്ടുലക്ഷം രൂപവീതം നൽകണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. രക്ഷാകർത്താക്കളുടെ സാധാരണ മരണത്തിനും അപകട മരണത്തിനും 30,000 രൂപയും നൽകണം.
പെൺകുട്ടി മരിച്ചാൽ മൂന്നുലക്ഷം രൂപയിൽനിന്ന് കുട്ടിയുടെ അക്കൗണ്ടിൽ സർക്കാർ നിക്ഷേപിക്കാൻ ബാക്കിയുള്ള ഗഡു കുറച്ച് ബാക്കി തുക ഇൻഷുറൻസ് ആനുകൂല്യമായി നൽകണം. ഇത് എട്ടുവയസ്സിനുശേഷം മാത്രമാണ് ബാധകം. കൂടാതെ ഒമ്പത്, 10, 11, 12 ക്ലാസുകളിൽ വിദ്യാഭ്യാസ സ്കോളർഷിപ്പുമുണ്ട്. പെൺകുട്ടിക്കും ഒരു സഹോദരനോ സഹോദരിക്കോ ഓരോ വർഷവും 1200 രൂപവീതമാണ് ലഭിക്കുക.
2020 ജൂൺ ഒന്നുമുതൽ കേന്ദ്രസർക്കാർ പ്രധാൻമന്ത്രി ജീവൻജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) പദ്ധതി നിർത്തലാക്കിയതാണ് എൽഐസിയുടെ പിൻമാറ്റത്തിന് കാരണമെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തം.