മലപ്പുറം
കൊളോണിയൽ കാഴ്ചപ്പാടുകളാണ് സംഘപരിവാറിന്റെ ഇന്ധനമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ പറഞ്ഞു. മലപ്പുറം മഹോത്സവം ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ വിഷംകലർത്താൻ ശ്രമിക്കുന്നവർക്കെതിരെ നാടിന്റെ യഥാർഥ ചരിത്രം പഠിപ്പിക്കാനുള്ള പോരാട്ടമാണ് മലപ്പുറം മഹോത്സവം. മലബാർ കാർഷിക കലാപത്തെ മുസ്ലിങ്ങളുടെ ഹാലിളക്കം എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചത്. അതേ പാതയാണ് സംഘപരിവാറും ഇസ്ലാമിസ്റ്റുകളും പിന്തുടരുന്നത്. വർഗീയ പ്രത്യയശാസ്ത്രം ഇന്ത്യയിൽ അവതരിപ്പിച്ചതും മുന്നോട്ടുകൊണ്ടുപോയതും ബ്രിട്ടീഷുകാരാണ്. ചരിത്രത്തെയും സംസ്കാരത്തെയും കൊളോണിയലിസ്റ്റുകളെപോലെ വ്യാഖ്യാനിച്ചാണ് സംഘപരിവാർ രാജ്യത്ത് വേരുറപ്പിച്ചത്.
വർഗീയശക്തികൾക്കും മതരാഷ്ട്രവാദികൾക്കുമെതിരായ പോരാട്ടം ചരിത്രത്തിൽനിന്നും സംസ്കാരത്തിൽനിന്നും ആരംഭിക്കണം. മലപ്പുറമാണ് ഇന്ന് രാജ്യത്തെ വർഗീയധ്രുവീകരണത്തിന് ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധം. മതരാഷ്ട്രവാദികൾ ജില്ലയെ തകർക്കാൻ ശ്രമിക്കുമ്പോൾ മലപ്പുറത്തിന്റെ പാരമ്പര്യമെന്താണ് എന്ന് പറയാനുള്ള ഉത്തരവാദിത്തമാണ് ദേശാഭിമാനി ഏറ്റെടുക്കുന്നത്. വാരിയന്‍കുന്നത്തിനെ വർഗീയവാദിയായി ചിത്രീകരിക്കുമ്പോൾ അദ്ദേഹം മതരാഷ്ട്രവാദത്തിന് എതിരായിരുന്നു എന്നത് മറന്നുകൂടാ. കർഷകത്തൊഴിലാളി പോരാട്ടത്തിന്റെയും സാഹിത്യ പാരമ്പര്യത്തിന്റെയും ആയുർവേദ പാരമ്പര്യത്തിന്റെയും നാടാണ് മലപ്പുറം. ലോക പ്രശസ്ത ഗണിതശാസ്ത്രജ്ഞരെ സൃഷ്ടിച്ച നാടാണ് ഇത്–- അദ്ദേഹം പറഞ്ഞു.