ന്യൂഡൽഹി
റിപ്പബ്ലിക് ദിനത്തിൽ ഹരിയാനയിലെ ജിണ്ടിൽ മഹാകർഷക പഞ്ചായത്ത് സംഘടിപ്പിക്കാൻ സംയുക്ത കിസാൻമോർച്ച തീരുമാനം. ദേശീയ പതാക ഉയർത്തും. എല്ലാ ജില്ലകളിലും ട്രാക്റ്റർറാലികൾ സംഘടിപ്പിക്കും. പാർലമെന്റ് മാർച്ച് റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് കിസാൻമോർച്ച അറിയിച്ചു. കർണാലിലെ ഗുരുദ്വാരാ ദേരാകർസേവായിൽ ചേർന്ന എസ്കെഎം യോഗമാണ് സമരപരിപാടികൾ തീരുമാനിച്ചത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകനേതാക്കൾ കലക്ടർമാർക്ക് നിവേദനം നൽകും.
സംയുക്ത കിസാൻമോർച്ചയുടെ ഐക്യം തകർക്കാനുള്ള ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നീക്കം മഹാപഞ്ചായത്തിൽ തുറന്നുകാണിക്കും. ലഖിംപുർ ഖേരി കേസിലെ പ്രതികൾക്ക് എതിരായ നിയമനടപടികൾ വേഗത്തിലാക്കണം. കർഷകർക്കും കർഷകനേതാക്കൾക്കും എതിരായ കള്ളക്കേസുകൾ പിൻവലിക്കണം. കർഷകപ്രക്ഷോഭത്തിൽ സജീവമായിരുന്ന പഞ്ചാബി ഗായകരായ കൻവർഗ്രേവാളിനും രഞ്ജിര് ബാവയ്ക്കും എതിരായ കേസുകൾ പിൻവലിക്കണം–- തുടങ്ങിയ ആവശ്യങ്ങളും ശക്തമായി ഉന്നയിക്കും.
സംയുക്ത കിസാൻ മോർച്ച യോഗത്തിൽ അഖിലേന്ത്യ കിസാൻസഭാ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, കർഷക നേതാക്കളായ ജോഗീന്ദർസിങ് ഉഗ്രഹാൻ, ഡോ. സുനിലാം, രഞ്ജിത്രാജു, റവുളാ വെങ്കയ്യ തുടങ്ങിയവർ പങ്കെടുത്തു.