കൊച്ചി
അനായാസം റോന്തുചുറ്റി കുറ്റവാളികളെ കുടുക്കാൻ കൊച്ചി സിറ്റി പൊലീസിന് ഇനി ഹോവർബോർഡുകൾ. ദുബായ്, അമേരിക്കൻ പൊലീസുകാർ പരീക്ഷിച്ച് വിജയിച്ച ഇലക്ട്രിക് ഹോവർബോർഡുകൾ സേനയുടെ ഭാഗമായി. ഹോവർ പട്രോളിന്റെ ഫ്ലാഗ് ഓഫ് കൊച്ചി മേയർ എം അനിൽകുമാർ നിർവഹിച്ചു. സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു അധ്യക്ഷനായി.
കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കനറാ ബാങ്കിന്റെ സഹായത്തോടെയാണ് ഹോവർബോർഡുകൾ കൊച്ചിയിൽ നടപ്പാക്കുന്നത്. ഫ്രീ ഗോ എന്ന കമ്പനിയുടെ ആറ് ഹോവർബോർഡുകളാണ് എത്തിയത്. 1.60 ലക്ഷം രൂപയാണ് ഒന്നിന്റെ വില.
മാർച്ചിൽ ഹോവർബോർഡ് ഉപയോഗിച്ച് കൊച്ചിയിൽ പരീക്ഷണ പട്രോളിങ് നടത്തിയിരുന്നു. റിമോട്ട് ഉപയോഗിച്ച് ഓണാക്കി വിവിധ മോഡുകളിൽ ഹോവറിൽ യാത്ര ചെയ്യാം. ആയാസമില്ലാതെ കൂടുതൽ ദൂരം സഞ്ചരിച്ച് നിരീക്ഷണം നടത്താമെന്നതാണ് മേന്മ. പ്രകൃതിസൗഹൃദ വാഹനമെന്നതും ഹോവർ തെരഞ്ഞെടുക്കാൻ കാരണമാണ്.